സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: ചോദ്യോത്തരവേളയില്‍ ചോദ്യത്തിലൂടെ അവഹേളിച്ചെന്നാരോപിച്ച് പതിനഞ്ചാം നിയമസഭയില്‍ നിന്നും ആദ്യമായി പ്രതിപക്ഷം ഇറങ്ങിപ്പോയി.

സഭാ സമ്മേളനത്തിനിടയില്‍ പല വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രതിപക്ഷവും ഭരണപക്ഷവും പലതവണ ഏറ്റുമുട്ടിയെങ്കിലും വാക്കൗട്ട് നടത്താതെ പ്രതിപക്ഷം സഹകരിക്കുകയായിരുന്നു. പ്രതിസന്ധിഘട്ടത്തില്‍ സര്‍ക്കാരിന്റെ നടപടികളെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുകയാണ് പ്രതിപക്ഷം എന്ന രീതിയിലുള്ള പരാമര്‍ശത്തെ തുടര്‍ന്നാണ് പ്രതിപക്ഷം വാക്കൗട്ട് നടത്തിയത്.

സിപിഎം നേതാവും ആലത്തൂര്‍ എംഎല്‍എയുമായ കെ ഡി പ്രസന്നന്‍ ആണ് വിവാദപരമായ ഈ ചോദ്യം ഉന്നയിച്ചത്. ഈ ചോദ്യം അനുവദിക്കരുതെന്ന് പ്രതിപക്ഷ നേതാവിന്റെ ആവശ്യം അവഗണിക്കുകയാണ് ഉണ്ടായത്.

സംസ്ഥാനത്തെ ഓഖി, നിപ്പ, പ്രളയം തുടങ്ങിയ ദുരന്തങ്ങളെ നേരിടുന്നതിനു സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ ദുര്‍ബലപ്പെടുത്താനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കങ്ങള്‍ക്ക് ഇടയിലും ക്ഷേമ പ്രവര്‍ത്തനങ്ങളും വികസന പ്രവര്‍ത്തനങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്ന നടപടികള്‍ അറിയിക്കാമോ ഇതായിരുന്നു ആലത്തൂര്‍ എംഎല്‍എയുടെ വിവാദപരമായ ആ ചോദ്യം. ഈ ചോദ്യം അനുവദിച്ചത് ലെജിസ്ലേറ്റീവ് സെക്രട്ടറിയേറ്റിന്റെ വീഴ്ചയാണെന്നും റൂള്‍സ് ഓഫ് പ്രൊസീജിയറിന്റെ ലംഘനമാണെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉന്നയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *