കാസര്‍കോട്: സത്യസായി ട്രസ്റ്റിന്റെ 23 വീടുകള്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വിതരണം ചെയ്യാന്‍ ചീഫ് സെക്രട്ടറി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്.
നാലു വര്‍ഷം മുമ്പ് സത്യ സായി ഓര്‍ഫനേജ് ട്രസ്റ്റ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകള്‍ എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് വിതരണം ചെയ്യുന്നതില്‍ ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് ഗുരുതരമായ അനാസ്ഥയുണ്ടായി. അതിനാല്‍ സംഭവത്തില്‍ ചീഫ് സെക്രട്ടറി അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
വീട് അനുവദിക്കുന്നതില്‍ കാലതാമസം വരുത്തിയ ജില്ലാ കളക്ടറേറ്റിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കമ്മിഷന് ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നല്കി. നടപടി സ്വീകരിച്ച ശേഷം ഒരു മാസത്തിനകം ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു.
ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ എന്‍ ആനന്ദ കുമാര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കാസര്‍കോട്ടെ 5.5 ഏക്കര്‍ സ്ഥലത്ത് 45 വീടുകളാണ് ട്രസ്റ്റ് നിര്‍മ്മിച്ച് നല്‍കിയത്. ഇതിനായി കോടി കണക്കിന് രൂപ ചെലവാക്കി. നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടുകള്‍ കേരള ഗവര്‍ണറാണ് നാടിന് സമര്‍പ്പിച്ചത്. 22 വീടുകള്‍ മുഖ്യമന്ത്രി ഇരകള്‍ക്ക് കൈമാറി. 23 വീടുകളാണ് ഇനി അനുവദിക്കാനുള്ളത്. ഇത്രയധികം വീടുകള്‍ ആവശ്യകാര്‍ക്ക് നല്‍കാത്തതിന് കാരണം ജില്ലാ ഭരണകൂടത്തിന്റെ അനാസ്ഥയാണെന്ന് പരാതിക്കാരന് കുറ്റപ്പെടുത്തി.
കാസര്‍ക്കോട് നടന്ന സിറ്റിംഗില്‍ കമ്മീഷന് സര്‍ക്കാരിന്റെയും ട്രസ്റ്റിന്റെയും വാദം കേട്ടു.കാലതാമസത്തിനുള്ള ന്യായീകരണം ജില്ലാ കളക്ടര്‍ സമര്‍പ്പിച്ചു. 2017 ല്‍ നിര്‍മ്മിച്ച വീടുകള്‍ എന്ഡോസര്ഫാന് ഇരകള്‍ക്ക് അനുവദിക്കുന്ന കാര്യത്തില്‍ ജില്ലാ ഭാണകൂടം വരുത്തിയ വീഴ്ച ന്യായീകരിക്കത്തക്കതല്ലെന്ന് കമ്മീഷന് ഉത്തരവില്‍ പറഞ്ഞു. തുടര്‍ന്നാണ് അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നല്‍കിയത്.
