പത്തനംതിട്ട: മുൻമന്ത്രി സജി ചെറിയാന്റെ ഭരണഘടനയ്ക്കെതിരായ വിവാദ പരാമർശത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പൊലീസിന് നൽകാതെ സി പി എം മല്ലപ്പള്ളി ഏരിയ നേതൃത്വത്തിന്റെ ഒളിച്ച് കളി. ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍നിന്ന് ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തതോടെ നഷ്ടപ്പെട്ടു എന്ന വാദമാണ് സി പി എം ഉന്നയ്ക്കുന്നത്.
കേസുമായി ബന്ധപ്പെട്ട നിർണായക തെളിവാണ് ഈ ദൃശ്യങ്ങൾ. എന്നാല്‍ പോലീസിന്റെ കയ്യില്‍ നിലവില്‍ ലഭ്യമായിട്ടുള്ളത് ഏകദേശം ഒന്നരമിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യമാണ്. കേസിന്റെ വിചാരണാഘട്ടത്തില്‍ കോടതി പ്രധാന തെളിവായി സ്വീകരിക്കാന്‍ പോകുന്നത് ദൃശ്യങ്ങളുടെ പൂര്‍ണരൂപമാണ്. അതിനാലാണ് അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍തന്നെ ദൃശ്യങ്ങളുടെ പൂര്‍ണരൂപം കണ്ടെടുക്കാന്‍ പോലീസ് ശ്രമം ആരംഭിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഔദ്യോഗികമായി മല്ലപ്പള്ളി സി.പി.എമ്മിന്റെ ഏരിയാ നേതൃത്വവുമായി പോലീസ് ആശയവിനിമയം നടത്തി. എന്നാല്‍ തങ്ങളുടെ കൈവശം ദൃശ്യങ്ങളുടെ പൂര്‍ണരൂപമില്ലെന്ന് ഏരിയാ സെക്രട്ടറി അന്വേഷണസംഘത്തെ അറിയിച്ചുവെന്നാണ് വിവരം. ഫെയ്‌സ്ബുക്കില്‍ അപ്‌ലോഡ് ചെയ്തിരുന്ന വീഡിയോ സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ ഡിലീറ്റ് ചെയ്തിരുന്നു, അങ്ങനെ തങ്ങളുടെ കൈവശമുണ്ടായിരുന്ന വീഡിയോ പൂര്‍ണമായും നശിപ്പിക്കപ്പെട്ടു എന്നാണ് ഏരിയാ നേതൃത്വം വിശദീകരിക്കുന്നത്. അതേസമയം ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍നിന്ന് വീഡിയോ നീക്കം ചെയ്താലും അത് വീണ്ടെടുക്കാകുമെന്നാണ് സൈബര്‍ വിദഗ്ധരില്‍നിന്ന് ലഭിക്കുന്ന വിവരം. അതിനുള്ള ശ്രമവും നടക്കുന്നുണ്ട്.
