തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഭരണഘടനയ്ക്കെതിരായ പരാമര്‍ശം വിവാദമായതിന് പിന്നാലെ തലസ്ഥാനത്ത് നിർണായക ചർച്ചകൾ പുരോഗമിക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എ.കെ.ജി.സെന്ററിലെത്തിയിട്ടുണ്ട്.
എകെജി സെന്ററില്‍ അവയ്ലബിള് സെക്രട്ടറിയേറ്റ് യോഗം ചേരുന്നുണ്ട്.
അതേസമയം സജി ചെറിയാനെതിരായ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് ഇന്ന് എട്ട് മിനിറ്റ് മാത്രമാണ് നിയമസഭ ചേരാനായത്. മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം പ്ലക്കാര്‍ഡുകളുയര്‍ത്തി മുദ്രാവാക്യം വിളിച്ചതിന് പിന്നാലെ ശൂന്യവേളയും ചോദ്യോത്തരവേളയും റദ്ദാക്കി സഭ ഇന്നത്തേക്ക് പിരിയുകയാണെന്ന് സ്പീക്കര്‍ എം.ബി.രാജേഷ് അറിയിക്കുകയായിരന്നു. ഈ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സ്പീക്കറെ കാണും.
ബ്രിട്ടീഷുകാര്‍ പറഞ്ഞത് ഇന്ത്യക്കാര്‍ എഴുതിവെച്ചതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണിതെന്നുമുള്ള വിവാദപരാമര്‍ശം ഞായറാഴ്ച പത്തനംതിട്ട മല്ലപ്പള്ളിയിലാണ് സാംസ്കാരികവകുപ്പ് മന്ത്രി സജിചെറിയാന് നടത്തിയത്. പ്രസംഗത്തിനെതിരേ പ്രതിഷേധം ശക്തമായതോടെ കഴിഞ്ഞ ദിവസം നിയമസഭയില്‍ മന്ത്രി ഖേദപ്രകടനം നടത്തിയിരുന്നു.
