സംസ്ഥാനത്ത് സ്‌കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ആലോചനയില്‍; കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിനേഷന് സൗകര്യമൊരുക്കും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂളുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാനുള്ള ആലോചന നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി . ഇക്കാര്യം സംബന്ധിച്ച് വിദഗ്ദ്ധരുമായി ചര്‍ച്ച നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കോളേജിലെത്തും മുന്‍പ് വിദ്യാര്‍ഥികള്‍ ഒരു ഡോസ് വാക്സിനെങ്കിലും എടുത്തിരിക്കണം. രണ്ടാമത്തെ ഡോസ് എടുക്കാന്‍ കാലാവധി ആയവര്‍ അതും എടുക്കണം. അതുകൊണ്ട് തന്നെ കോളേജ് വിദ്യാര്‍ഥികള്‍ക്ക് കോവിഡ് വാക്സീനേഷന് സൗകര്യമൊരുക്കും. സര്‍വകലാശാലകള്‍ കേന്ദ്രീകരിച്ച് വാക്സിനേഷന്‍ ക്യാംപ് നടത്തും. ആരും വാക്സീനെടുക്കാതെ മാറി നടക്കരുത്. കൊവിഡ് ഭീഷണികളെ അവഗണിക്കാനാവില്ല. മുന്‍കരുതല്‍ പാലിച്ച് മുന്നോട്ട് പോകാനാവണം. എങ്കില്‍ മാത്രമേ ഈ പ്രതിസന്ധിയെ നമുക്ക് മറികടക്കാന്‍ സാധിക്കൂയെന്നും മുഖ്യമന്ത്രി അറിയിച്ചു.

മറ്റ് സംസ്ഥാനങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് രണ്ട് ഡോസ് വാക്സിന്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഈ നിര്‍ദേശം സംസ്ഥാനത്ത് നിന്ന് മറ്റ് സംസ്ഥാനങ്ങളില്‍ പോയി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രയാസമാണ്. അവരുടെ രണ്ട് ഡോസ് വാക്സീന്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *