തിരുവനന്തപുരം : കടകള്‍ എല്ലാ ദിവസവും തുറക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും.സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചില്ലെങ്കിലും വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നാളെ മുതല്‍ കടകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കും. സി.പി.എം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതിയും ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും.
സര്‍ക്കാര്‍ അനുകൂലമായി പ്രതികരിച്ചില്ലെങ്കിലും എല്ലാ ദിവസവും കടകള്‍ തുറക്കണം എന്ന ആവശ്യവുമായി മുന്നോട്ടുപോകാനാണ് സംസ്ഥാനത്തെ വ്യാപാരികളുടെ തീരുമാനം. അതിനാല്‍ നാളെമുതല്‍ കടകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വ്യാപാരികള്‍.
കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ പൊലീസ് എതിര്‍പ്പുമായി വരുന്നതോടെ പലയിടത്തും സംഘര്‍ഷ സാധ്യതയുണ്ട്. സര്‍ക്കാര്‍ നിലപാടിനൊപ്പം നിന്നിരുന്ന സിപിഎം അനുകൂല വ്യാപാരി സംഘടന വ്യാപാരി വ്യവസായി സമിതിയും ഇന്നുമുതല്‍ പ്രതിഷേധ രംഗത്തുണ്ടാകും.
വ്യാപാരി വ്യവസായി സമിതി സെക്രട്ടറിയേറ്റിന് മുന്നിലും കലക്ടറേറ്റിന് മുന്നിലും പ്രതിഷേധം സംഘടിപ്പിക്കും. ഒന്നിടവിട്ട് കട തുറക്കാതിരിക്കുന്നതും സമയം കുറക്കുന്നതും കോവിഡ് പ്രതിരോധത്തില്‍ ഗുണം ചെയ്യില്ലെന്ന നിലപാടിലേക്ക് ഐഎംഎ ഉള്‍പ്പെടെ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ എത്തിയതും വ്യാപാരികള്‍ക്ക് അനുകൂല സാഹചര്യമായി കാണുന്നു.
