വൃത്തിയുള്ള ​ഹോട്ടലുകൾ ഭക്ഷ്യസുരക്ഷാ വകുപ്പ് പറഞ്ഞ് തരും, സംസ്ഥാനത്തെ ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് നൽകി തുടങ്ങിയെന്ന് മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ നൽകുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഭക്ഷ്യസുരക്ഷാ വകുപ്പ് അതിവേ​ഗത്തിൽ നടപ്പിലാക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 519 ഹോട്ടലുകള്‍ക്ക് ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. തിരുവനന്തപുരം അഞ്ച്, കൊല്ലം 36, പത്തനംതിട്ട 19, ആലപ്പുഴ 31, കോട്ടയം 44, ഇടുക്കി 20, എറണാകുളം 57, തൃശൂര്‍ 59, പാലക്കാട് 60, മലപ്പുറം 66, കോഴിക്കോട് 39, വയനാട് 12, കണ്ണൂര്‍ 46, കാസര്‍ഗോഡ് 25 എന്നിങ്ങനെയാണ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ഹൈജീന്‍ സ്റ്റാര്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച സ്ഥാപനങ്ങളുടെ വിശദാംശങ്ങള്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാക്കുന്നതാണ്. ഇതോടൊപ്പം ഭക്ഷ്യ സുരക്ഷാ വകുപ്പ് പുതുതായി സജ്ജമാക്കുന്ന ആപ്പിലൂടെയും തൊട്ടടുത്ത് സര്‍ട്ടിഫിക്കറ്റുകളുള്ള ഹോട്ടലുകളറിയാന്‍ സാധിക്കും. ഇതിലൂടെ പ്രദേശത്തെ ഏറ്റവും വൃത്തിയുള്ള സ്ഥാപനങ്ങളേതെന്ന് കണ്ടെത്താന്‍ കഴിയുന്നതാണ്. പരിശോധനകള്‍ക്കും നടപടിക്രമങ്ങള്‍ക്കും ശേഷം ത്രീ സ്റ്റാര്‍ മുതല്‍ ഫൈവ് സ്റ്റാര്‍ വരെയുള്ള റേറ്റിംഗാണ് നല്‍കുന്നത്. കടകള്‍ വലുതോ ചെറുതോ എന്നതല്ല സുരക്ഷിതമായ ഭക്ഷണവും വൃത്തിയുള്ള സാഹചര്യവുമാണ് വളരെ പ്രധാനം. വൃത്തിയോടൊപ്പം നാല്‍പ്പതോളം ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാണ് റേറ്റിംഗ് നല്‍കുന്നത്. ഫൈവ് സ്റ്റാര്‍ റേറ്റിംഗുള്ള സ്ഥാപനങ്ങള്‍ ഗ്രീന്‍ കാറ്റഗറിയിലും ഫോര്‍ സ്റ്റാര്‍ റേറ്റിംഗുള്ള സ്ഥാപനങ്ങള്‍ ബ്ലൂ കാറ്റഗറിയിലും ത്രീ സ്റ്റാര്‍ റേറ്റിംഗുള്ള സ്ഥാപനങ്ങള്‍ യെല്ലോ കാറ്റഗറിയിലുമാണ് വരിക. ത്രീ സ്റ്റാറിന് താഴെയുള്ളവര്‍ക്ക് റേറ്റിംഗ് നല്‍കുന്നതല്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *