മനസിന് സന്തോഷം ഉണ്ടാകുന്ന ഓരോ നിമിഷത്തിലും പ്രിയപ്പെട്ടവർ അരികിലുണ്ടാകണമെന്ന് ഏതൊരാളും ആഗ്രഹിക്കും. അച്ഛനയോ അമ്മയോ നഷ്ടപ്പെട്ട കുട്ടികളാകട്ടെ പലപ്പോഴും തങ്ങളുടെ സന്തോഷങ്ങളും ദുഃഖങ്ങളും പങ്കുവയ്ക്കാനാകാതെ വീർപ്പുമുട്ടാറുമുണ്ട്. വിവാഹം പോലുള്ള പ്രധാനപ്പെട്ട ദിവസങ്ങളിൽ പ്രത്യേകിച്ചും. ഇന്ത്യയിലെ വിവാഹങ്ങളിലാണ് എങ്കിൽ മാതാപിതാക്കൾക്ക് ചടങ്ങുകളിൽ വലിയ പ്രാധാന്യമുണ്ട്. അച്ഛനെയോ അമ്മയേയോ നഷ്ടപ്പെട്ട പെൺകുട്ടികൾക്ക് ആ ദിവസം വലിയ വേദന തോന്നാറുണ്ട്.
മരിച്ചുപോയ മാതാപിതാക്കളെ തങ്ങളുടെ വിവാഹദിവസം ഓർക്കാൻ പറ്റുന്നതെല്ലാം അവർ ചെയ്യാറുമുണ്ട്. അങ്ങനെ ഒരു മകൾ വിവാഹത്തിന് മരിച്ചുപോയ അച്ഛന്റെ പൂർണകായ രൂപത്തിലുള്ള മെഴുക് പ്രതിമ കണ്ട് വികാരാധീനയായി. ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി. ആവുല ഫാനി എന്ന യുവാവാണ് സഹോദരിയുടെ വിവാഹദിവസം ഇങ്ങനെ ഒരു സർപ്രൈസ് പ്ലാൻ ചെയ്തത്. പിതാവ് ആവുല സുബ്രഹ്മണ്യന്റെ മെഴുക് പ്രതിമയാണ് നിർമ്മിച്ചത്. യുഎസ്‍എ -യിലായിരുന്നു ആവുല ഫാനി താമസിച്ചിരുന്നത്.
