കമ്മ്യൂണിസ്റ്റ് പാര്ട്ടിയില് ഓള്ഡ് സ്കൂള് പ്രതിനിധിയാണ് വിഎസ് അച്യുതാനന്ദന്. നാടുവാഴിത്തത്തിനും ജന്മിത്വത്തിനുമെതിരെ പോരാടി രാഷ്ട്രീയ ജീവിതം ആരംഭിച്ച വിഎസിന് പാര്ട്ടി സ്വീകരിച്ച ചില നിലപാടുകളോട് സമരസപ്പെടാന് സാധിച്ചിരുന്നില്ല. കോര്പ്പറേറ്റുകള്ക്കും ഉദാരവല്ക്കരണത്തിനും എതിരെ വിഎസ് ശക്തമായി നിലകൊണ്ടപ്പോള് കുറേക്കൂടി ഉദാരമായ സമീപനമാണ് പിണറായി വിജയന് സ്വീകരിച്ച് പോന്നത്. ഇത് ഇരുവര്ക്കുമിടയില് അഭിപ്രായ വ്യത്യാസം രൂക്ഷമാക്കി. സൈദ്ധാന്തികമായ അഭിപ്രായ വ്യത്യാസങ്ങള്ക്കപ്പുറം പിന്നീട് നടന്നത് പാര്ട്ടിക്കുളളില് മേധാവിത്തം നേടാനുളള ഇരു നേതാക്കളുടെയും ശക്തരായ പോരാട്ടമായിരുന്നു.എന്നാൽ വളരെ കുറച്ച് നാളുകൾക്ക് ശേഷം വിഎസ് പിണറായി തർക്കം സജജീവമാവുകയാണ്.. അതിന്റെ പ്രധാനകാരണം സംസ്ഥാനസമ്മേളനത്തിൽ പുതിയ പാനലിൽ വി എസിന് ഇടമില്ലാതിരുന്നതാണ്..
സിപിഎമ്മിന്റെ ചരിത്രത്തിൽ ആദ്യമായാണ് വി എസിന്റെ പേരില്ലാതെ സംസ്ഥാന കമ്മിറ്റി പാനൽ വരുന്നത്.
ആരോഗ്യകാരണങ്ങളാൽ വിശ്രമിക്കുന്ന വിഎസിനെ കഴിഞ്ഞ കൊച്ചി സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാക്കിയെങ്കിൽ ഇക്കുറി അതുമില്ല. വിഎസിനെ ഒഴിവാക്കിയോ എന്ന ചോദ്യത്തിന് ‘വിഎസ് പാർട്ടിയുടെ സ്വത്ത് അല്ലേ’ എന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രതികരണം.1964ൽ അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയുടെ ദേശീയ കൗൺസിലിൽനിന്ന് ഇറങ്ങിപ്പോന്നു സിപിഎം രൂപീകരിക്കുന്നതിനു നേതൃത്വം നൽകിയവരിൽ ജീവിച്ചിരിക്കുന്ന ഏക നേതാവായ വിഎസിനെ ഒഴിവാക്കിയതു വൻ ചർച്ചയായി. പുതിയ പാനൽ അംഗീകരിക്കാൻ ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിൽ, വിഎസ് പക്ഷക്കാരി എന്നറിയപ്പെടുന്ന മുൻമന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പാനലിനെതിരെ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
പ്രത്യേക ക്ഷണിതാക്കളെ മധുരയിൽ അടുത്ത മാസം നടക്കുന്ന പാർട്ടി കോൺഗ്രസിനു ശേഷം തീരുമാനിക്കുമെന്നാണു പ്രഖ്യാപനം. ഇതോടെ, സിപിഎമ്മിലെ ‘വിഎസ് യുഗ’ത്തിനു പാർട്ടി തന്നെ ഔദ്യോഗികമായി വിരാമമിടുന്നതിനു തുല്യമായി.പ്രായപരിധി മൂലം പാർട്ടി കേന്ദ്ര കമ്മിറ്റിയിൽനിന്നും സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്നും ഒഴിവാക്കപ്പെടുന്നവരെ സംസ്ഥാന കമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാക്കളാക്കുന്നതാണു സമീപകാല ചരിത്രം. കേന്ദ്ര കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ടതോടെയാണു വിഎസിനെ സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവാക്കിയത്. വൈക്കം വിശ്വൻ, പി.കരുണാകരൻ, കെ.ജെ.തോമസ്, എം.എം.മണി, അന്തരിച്ച ആനത്തലവട്ടം ആനന്ദൻ എന്നിവർ ഇതേ മാനദണ്ഡത്തിലാണു പ്രത്യേക ക്ഷണിതാക്കളായതും. പുതിയ പാനൽ പ്രഖ്യാപിച്ചപ്പോൾ വിഎസിനു പുറമേ വൈക്കം വിശ്വൻ, പി.കരുണാകരൻ, കെ.ജെ.തോമസ്, എം.എം.മണി എന്നിവരും പാനലിൽ ഉണ്ടായില്ല. അതേസമയം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമായ മന്ത്രി വീണാ ജോർജും കൺട്രോൾ കമ്മിഷൻ ചെയർമാൻ കെ.എച്ച്.ബാബുജാനും സംസ്ഥാന കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാക്കളായി.
പാർട്ടി കോൺഗ്രസിനു ശേഷം, സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാക്കളെ നിശ്ചയിച്ചാലും അതിൽ വിഎസ് ഉണ്ടാകുമെന്ന് ഉറപ്പില്ല. ഏറെക്കാലമായി വിഎസ് പാർട്ടി നേതൃയോഗങ്ങളിലോ പൊതുപരിപാടികളിലോ പങ്കെടുക്കുന്നില്ല. 1995ൽ കൊല്ലത്ത് ഒടുവിൽ നടന്ന സംസ്ഥാന സമ്മേളനത്തിൽ ഔദ്യോഗിക പക്ഷത്തിനെതിരെ മത്സരം സംഘടിപ്പിച്ചു കരുത്തു തെളിയിച്ച വിഭാഗത്തിനു നേതൃത്വം നൽകിയ വിഎസിനെ 3 പതിറ്റാണ്ടുകൾക്കു ശേഷം വീണ്ടും അതേ കൊല്ലത്തു നടന്ന സമ്മേളനത്തിലൂടെ പാനലിൽനിന്ന് ഒഴിവാക്കിയതും ശ്രദ്ധേയം.

 
                                            