ന്യൂഡല്‍ഹി: കോവാക്‌സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിക്കുന്നതിന് നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനോട് കൂടുതല്‍ വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ഡബ്ല്യു.എച്ച്.ഒ. ആവശ്യപ്പെട്ടു. നേരത്തേ, സമര്‍പ്പിച്ച വിവരങ്ങള്‍ സംബന്ധിച്ച് ഡബ്ല്യു.എച്ച്.ഒ. വിശദീകരണം ചോദിക്കുകയും കമ്പനി അവ നല്‍കുകയും ചെയ്തിരുന്നു. അതിനു തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ അഞ്ചിന് ചേരുന്ന വിദഗ്ധ സമിതി ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമോ എന്ന് വ്യക്തമല്ല.
ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ലാത്തതിനാല്‍ പല രാജ്യങ്ങളും കോവാക്‌സിന്‍ എടുത്തവര്‍ക്ക് പ്രവേശനം അനുവദിക്കുന്നില്ല. വിദേശത്തേക്ക് പഠിക്കാന്‍ പോകുന്ന, കോവാക്‌സിന്‍ എടുത്തവരെയാണ് ഇത് കൂടുതലായും ബാധിച്ചിട്ടുള്ളത്. കോവാക്‌സിന്‍ 77.8 ശതമാനം ഫലപ്രദമാണെന്നാണ് ഇന്ത്യയില്‍ നടത്തിയ പരീക്ഷണത്തില്‍ തെളിഞ്ഞിട്ടുള്ളത്.
