തിരുവനന്തപുരം : ലോക്ക്ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങള്‍ അനന്തമായി നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് രണ്ടാം തരംഗം മറ്റ് സംസ്ഥാനങ്ങളില്‍ കെട്ട് അടങ്ങിയെങ്കിലും കേരളത്തില്‍ രോഗികള്‍ കുറയാത്തതില്‍ ചിലര്‍ ആശങ്കപ്പെടുന്നുണ്ട്. കാര്യങ്ങളെല്ലാം സര്‍ക്കാര്‍ നിയന്ത്രണത്തിലാണെന്നും അത് ആത്മവിശ്വാസത്തോടെ പറയാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സാധാരണ നിലയിലേക്ക് കാര്യങ്ങള്‍ എത്തേണ്ടതുണ്ട്. അതിനുള്ള സാഹചര്യം ഒരുക്കല്‍ പ്രധാനമാണ്. അതുകൊണ്ടാണ് ഘട്ടംഘട്ടമായി ഇളവുകള്‍ നല്‍കുന്നത്. ഇളവുകള്‍ ദുരുപയോഗം ചെയ്യുന്നത് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡ് വ്യാപനം ഗണ്യമായി കുറയാത്ത സ്ഥിതിയാണ് സംസ്ഥാനത്തുള്ളതെന്നും മുഖ്യമന്ത്രി അറിയിച്ചു.
പരമാവധി ജീവന്‍ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. 18 വയസ്സിനു മുകളിലുള്ള 42 ശതമാനം പേര്‍ക്ക് ഒന്നാം ഡോസ് വാക്സിന്‍ നല്‍കി.
12 ശതമാനം പേര്‍ക്ക് രണ്ടാമത്തെ ഡോസ് വാക്സിന്‍ നല്‍കി. 15 ശതമാനം പേര്‍ക്ക് കൂടി വാക്സിനേഷന്‍ എത്രയും വേഗം നല്‍കാനുള്ള നടപടി സ്വീകരിക്കും. ഗര്‍ഭിണികള്‍ വാക്സിനെടുക്കാന്‍ തയാറാകണം. അര്‍ഹമായ മുറയ്ക്ക് വാക്സിന്‍ സ്വീകരിക്കുകയും, മാനദണ്ഡങ്ങള്‍ പാലിക്കുകയും ചെയ്താല്‍ കൊവിഡ് മൂന്നാം തരംഗം ഒഴിവാക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.
