പുന:സംഘടന സംബന്ധിച്ചുള്ള ചർച്ചകൾ നടക്കാനിരിക്കേ കെ.പി.സി.സി അദ്ധ്യക്ഷന്റെ മാറ്റം സംബന്ധിച്ച വാർത്തകളിൽ പാർട്ടിയിൽ അഭിപ്രായ ഭിന്നത രൂപപ്പെട്ടാൽ പുന:സംഘടനാ പ്രക്രിയയെ പൂർണ്ണമായി ബാധിച്ചേക്കും. സംഘടനാ സംവിധാനം ദുർബലമായ പാർട്ടിക്ക് അത് കൂടുതൽ കുഴപ്പം ചെയ്യുമെന്നും ചില നേതാക്കൾ അഭിപ്രായപ്പെടുന്നു. ഡൽഹിയിലും കേരളത്തിലും കോൺഗ്രസ് നേതൃത്വം സംഘടനാ കാര്യങ്ങളിൽ തീരുമാനമെടുക്കും മുമ്പ് ഇത്തരം വാർത്തകൾ ചാനലുകളിൽ പ്രത്യക്ഷപ്പെടുന്നതിന് പിന്നിൽ പാർട്ടിയിൽ നിന്നുള്ള ചില ഉത്തരവാദിത്വപ്പെട്ട ഭാരവാഹികളാണെന്നും അടക്കം പറച്ചിലുകളുണ്ട്. മാധ്യമങ്ങളുമായി കേരളത്തിലെ ചില ഭാരവാഹികൾക്കുള്ള വഴിവിട്ട ബന്ധവും 28ന് നടക്കുന്ന യോഗത്തിൽ ചർച്ചയായേക്കും. ഇടത് മാധ്യമ പ്രവർത്തകർ കോൺഗ്രസിലെ അനൈക്യം മുതലെടുക്കാൻ ശ്രമിക്കുന്ന സാഹചര്യം സംബന്ധിച്ചും താക്കീത് ഉണ്ടാകാനാണ് സാധ്യത
കെ.സുധാകരന്റെ മാറ്റം സംബന്ധിച്ച കാര്യങ്ങളിൽ യോഗ ശേഷമാവും അന്തിമ തീരുമാനമുണ്ടാവുക. കെ.സുധാകരൻ മാറിയാൽ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ പേരുകൾ സംബന്ധിച്ച് പുറത്ത് വരുന്ന റിപ്പോർട്ടുകൾ അഭ്യൂഹങ്ങൾ മാത്രമാണെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.
ഇതിനിടെ ഇന്നലെ നടന്ന കെ.പി.സി.സിയുടെ ഓൺലൈൻ യോഗത്തിൽ കെ.പി.സി.സി അദ്ധ്യക്ഷൻ കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും ഐക്യകാഹളം മുഴക്കി രംഗത്ത് വന്നു. ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുണ്ടെന്ന് വരുത്തിതീർക്കാൻ ചില മാധ്യമങ്ങൾ മന:പൂർവ്വമായി ശ്രമിക്കുന്നുണ്ടെന്നും യോഗത്തിൽ വിലയിരുത്തപ്പെട്ടു. നാളെ നടക്കുന്ന യു.ഡി.എഫ് യോഗത്തിന് ശേഷം മുസ്ലീം ലീഗ് നേതൃത്വം കോൺഗ്രസ് ദേശീയ നേതൃത്വവുമായി കൂടിക്കാഴ്ച്ചയ്ക്ക് ശ്രമിക്കുന്നുണ്ട്.മുന്നണിക്ക് നേതൃത്വം നൽകേണ്ട കോൺഗ്രസിലെ പടലപിണക്കങ്ങൾ സംബന്ധിച്ച കൃത്യമായ പരാതികളും ചില നിർദ്ദേശങ്ങളും ലീഗ് ഡൽഹിയിൽ സമർപ്പിച്ചേക്കുമെന്നും അറിയാൻ കഴിഞ്ഞിട്ടുണ്ട്.

 
                                            