ലതിക സുഭാഷിന്റെ പ്രതിഷേധത്തിലുള്ള പ്രതികരണം രാഷ്ട്രീയ നേതൃത്വത്തിന്റെ പക്വതയോടെ ആയിരുന്നോയെന്ന് സംശയമുണ്ട്’: മുഖ്യമന്ത്രി

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് മഹിളാ കോൺഗ്രസ് നേതാവ് ലതികാ സുഭാഷ് തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ച സംഭവത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. “മറ്റൊരു പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണ്. ആ പാര്‍ട്ടിയുടെ മഹിളാ വിംഗിന്റെ സംസ്ഥാനത്തെ പ്രധാനിയായിരിക്കുന്ന ഒരു സഹോദരിക്ക് ഇങ്ങനെ ഒരു നിലപാട് എടുക്കേണ്ടി വന്നിരിക്കുന്നു. പൊട്ടിക്കരഞ്ഞ് കൊണ്ട് കാര്യങ്ങൾ പറയുന്നതും കാണാനിടയായി. ആ കാര്യത്തിൽ ഉള്ള പ്രതികരണം ഒരു രാഷ്ട്രീയ നേതൃത്വത്തിന്റെ  പക്വതയോടെയായിരുന്നോയെന്ന് എനിക്ക് സംശയമുണ്ട്. മറ്റ് കാര്യങ്ങള്‍ പറയാന്‍ ഞാൻ ആളല്ല’-  അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ സി.പി.ഐ.എം-ബി.ജെ.പി കൂട്ടുക്കെട്ടാണെന്ന ആര്‍എസ് എസ് സൈദ്ധാന്തികന്‍ ബാലശങ്കറിന്റെ പരാമര്‍ശത്തിനും മുഖ്യമന്ത്രി മറുപടി നൽകി. കേരളത്തില്‍ കോണ്‍ഗ്രസ്, ബി.ജെ.പി ഒത്തുകളിയാണ് നടക്കുന്നത് എന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തെ വില്‍പ്പന ചരക്കാക്കി മാറ്റിയ പാര്‍ട്ടിയാണ് ബി.ജെ.പിയെന്നും അദ്ദേഹം പറഞ്ഞു. ‘കോണ്‍ഗ്രസ്, ബി.ജെ.പി, ഒത്തുകളി കേരളത്തില്‍ കുറച്ചുനാളായി ഉണ്ട്. കൃത്രിമവാര്‍ത്തകള്‍ സൃഷ്ടിച്ച് ചര്‍ച്ച തിരിച്ചുവിടാനാണ് ചിലരുടെ ശ്രമം. എല്‍.ഡി.എഫിന് കിട്ടുന്ന പിന്തുണ എതിരാളികളെ ഭയപ്പെടുത്തുന്നു.

നേമം സ്ഥാനാര്‍ത്ഥിത്വം തുറുപ്പു ചീട്ടെന്ന് കോണ്‍ഗ്രസ് പറയുന്നു. മുന്‍ തെരഞ്ഞെടുപ്പില്‍ ഒഴുകിപ്പോയ വോട്ടിനെ കുറിച്ച് കോണ്‍ഗ്രസ് ആദ്യം പറയട്ടെ.’, മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.നേമം മണ്ഡലത്തിലെ മത്സരമാണ് ബിജെപിക്കെതിരായ തുറുപ്പുചീട്ടെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ആദ്യം അവര്‍ മുന്‍ തിരഞ്ഞെടുപ്പുകളില്‍ ഒഴുകിപ്പോയ വോട്ടുകളെക്കുറിച്ചാണ് പറയേണ്ടത്. ആ വോട്ട് തിരിച്ചുപിടിച്ചാലല്ലേ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് എത്തിയ നിലയുടെ ഏഴയലത്തെങ്കിലും എത്താന്‍ കഴിയൂ, മുഖ്യമന്ത്രി പറഞ്ഞു.


കോണ്‍ഗ്രസും ബിജെപിയും പരസ്പരം സഹായിക്കുകയാണ്. കേരളതല ധാരണ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഉണ്ടാകുന്നതായി കഴിഞ്ഞ കുറേ കാലത്തെ അനുഭവങ്ങളിലൂടെ വ്യക്തമാണ്. ഒരാള്‍ രാവിലെ ഒരു ആരോപണം ഉന്നയിക്കുന്നു. മറ്റേ കക്ഷിയുടെ ആള്‍ വൈകുന്നേരം അതേ ആരോപണം ആരോപിക്കുന്നു. ഇരു പാര്‍ട്ടി നേതാക്കളും മാറിമാറി ഇക്കാര്യം ചെയ്യുന്നത് നാട് ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തില്‍ നടന്നിട്ടുള്ള പ്രധാനപ്പെട്ട കാര്യങ്ങള്‍ മറച്ചുവെക്കാനുള്ള ശ്രമം ഇരു കൂട്ടരും നടത്തുന്നു. പരസ്പര ധാരണയിലാണ് പ്രചാരണം പോലും നടത്തുന്നത്. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി ചെറുപ്പക്കാര്‍ക്ക് ജോലി നല്‍കുന്നില്ലെന്ന് ആരോപിച്ച് പിഎസ്സിക്കെതിരെ കടുത്ത ആരോപണമാണ് ഇവര്‍ അഴിച്ചുവിട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നേമത്ത് പുതിയശക്തനെ ഇറക്കിയതുതന്നെ ഒരു യഥാര്‍ഥ പോരാട്ടത്തിനാണോ അതോ ഇവര്‍ തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമാണോ എന്നത് വരും ദിവസങ്ങളിലേ വ്യക്തമാകൂ. കാരണം, നേമത്തെ നേരത്തെയുള്ള അനുഭവം വളരെ വിഷമം ഉണ്ടാക്കുന്ന ഒന്നാണ്. കേരളത്തില്‍ ആദ്യമായി ബിജെപിക്ക് ഒരു സീറ്റുണ്ടാക്കിക്കൊടുത്തത് ആരായിരുന്നു എന്നത് നമ്മള്‍ കണ്ടതാണ്. സ്വന്തം വോട്ട് ബിജെപിക്ക് കൊടുത്തുകൊണ്ട് അതിനുള്ള അവസരം ഉണ്ടാക്കുകയായിരുന്നു കോണ്‍ഗ്രസ്. ഇത് കോണ്‍ഗ്രസിന്റെ മറ്റൊരു സ്ഥാനാര്‍ഥിയെ ജയിപ്പിക്കുന്നതിനു വേണ്ടിയുള്ള ഒത്തുകളിയാണെന്ന കാര്യം അന്നേ വ്യക്തമായിരുന്നതാണെന്നും പിണറായി പറഞ്ഞു.
ചെങ്ങന്നൂരില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് കാരണം ബി.ജെ.പിയും സി.പി.ഐ.എമ്മും തമ്മിലുള്ള കൂട്ടുകെട്ടാണെന്നായിരുന്നു ബാലശങ്കറിന്റെ ആരോപണം.

കോന്നിയില്‍ സി.പി.ഐ.എമ്മും ബി.ജെ.പിയും തമ്മില്‍ ഡീല്‍ നടന്നിട്ടുണ്ടാകാമെന്നും ചെങ്ങന്നൂരും ആറന്മുളയിലും സി.പി.ഐ.എമ്മിന് വിജയം ഉറപ്പിക്കുന്നതിന് കോന്നിയില്‍ പ്രത്യുപകാരം എന്നതായിരിക്കും ആ ഡീല്‍ എന്നും അദ്ദേഹം പറഞ്ഞിരുന്നു. മഞ്ചേശ്വരത്തിന് പുറമെ, കോന്നി ഉപതെരഞ്ഞെടുപ്പില്‍ മൂന്നാമതായ സുരേന്ദ്രന്‍ എന്തിനാണ് വീണ്ടും അവിടെതന്നെ മത്സരിക്കുന്നതെന്നും ആര്‍ ബാലശങ്കര്‍ ചോദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *