കൊച്ചി: ലോക കേരള സഭയിൽ പ്രതിപക്ഷത്തെ വിമർശിച്ച് എംഎ യൂസഫലിയുടെ പ്രസ്ഥാവനയ്ക്ക് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം വേദി പങ്കിടേണ്ട എന്ന് യുഡിഎഫ് സംയുക്തമായി എടുത്ത രാഷ്ട്രീയ തീരുമാനമാണ്. അതിനപ്പുറത്തേക്ക് പ്രവാസികള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഞങ്ങൾ എതിര്‍ക്കുന്നത് എന്നു പറഞ്ഞത് ശരിയായില്ലെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.
ലോക കേരള സഭയിലെ ധൂര്‍ത്തിനെക്കുറിച്ച് തുടക്കത്തില്‍ പറഞ്ഞിരുന്നു. ശങ്കരനാരായണന്‍ തമ്പി ഹാളിന്റെ ഇന്റീരിയറിന് വേണ്ടി 16 കോടി രൂപ മുടക്കി ഊരാളുങ്കല്‍ സൊസൈറ്റിക്ക് കരാര്‍ കൊടുത്തതില്‍ അഴിമതിയുണ്ട്. അതിനെയാണ് ധൂര്‍ത്തെന്ന് വിമര്‍ശിച്ചത്. വിഷയത്തെ സിപിഐഎം നേതൃത്വം ട്വിസ്റ്റ് ചെയ്യാന്‍ നോക്കിയതാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ‘യൂസഫലിയുടെ പരാമര്‍ശം ദൗര്‍ഭാഗ്യകരം. ഞാനുമായി ഇന്നലെ രാത്രി അദ്ദേഹം സംസാരിച്ചിരുന്നു. രാഷ്ട്രീയകാരണങ്ങള്‍കൊണ്ടാണ് പങ്കെടുക്കേണ്ടതില്ലെന്ന് യുഡിഎഫ് ഒരുമിച്ച് കൂടിയിരുന്ന് ഒരു തീരുമാനം എടുത്തത്. കേരളത്തില്‍ കെപിസിസി ഓഫീസ് തകര്‍ത്തു, കന്റോണ്‍മെന്റ് ഹൗസിലേക്ക് അതിക്രമിച്ചു കയറി, ഗാന്ധി പ്രതിമ തകര്‍ക്കുകയുമുണ്ടായി. ഇതില്‍ ഒതുങ്ങുന്നതല്ല പ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം. ഈ അവസരത്തില്‍ മുഖ്യമന്ത്രിയുമായി വേദി പങ്കിടുന്നതിലുള്ള പ്രയാസം യൂസഫലിയെ അറിയിച്ചിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.

 
                                            