റഷ്യ-യുക്രൈന് യുദ്ധത്തിന്റെ പതിനഞ്ചാം ദിവസം പിന്നിടുമ്പോള്‍ കീവ് നഗരത്തിന്റെ 15 മൈല്‍ അടുത്തുവരെ റഷ്യന്‍ സേന എത്തി. ഇനി ഏതു നിമിഷവും യുക്രൈന് പിടിക്കപ്പെടാം. ചെര്‍ണോബിലിനു പുറമെ സപറോഷായ് ആണവനിലയവും റഷ്യയുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലാവുന്ന അവസ്ഥായാണിപ്പോള്‍.
നഗരാതിര്‍ത്തിയിലുള്ള ഇര്‍പിന്‍ നഗരത്തിലെ ജനവാസമേഖലയിലൂടെ ടാങ്കുകള്‍ ഉള്‍പ്പടെയുള്ള സൈനിക വ്യുഹം നീങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
കീവിന്റെ വടക്ക് പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള ഇര്‍പിന്‍ കഴിഞ്ഞ ദിവസങ്ങളില്‍ കനത്ത ബോംബിംഗിന് വിധേയമായിരുന്നു. യുക്രൈന് ചെറുത്തുനില്പിന്റെ കരുത്ത് തെളിയിച്ചുകൊണ്ട് ഒരു റഷ്യന്‍ സൈനിക വ്യുഹത്തെ മുഴുവനും ഇല്ലാതെയാക്കിയ ബുച്ചാ പ്രദേശവും ഇവിടെയടുത്താണ്. റഷ്യന്‍ പട്ടാളക്കാര്‍ പട്ടണത്തില്‍ പ്രവേശിച്ചതോടെ പട്ടണവാസികള്‍ നാടുവിടാന്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. കീവിനെ കീഴടക്കാന്‍ എത്തിയ പ്രധാന സൈനികവ്യുഹം കഴിഞ്ഞ ദിവസം നഗരത്തിന്റെ വടക്കന്‍ അതിര്‍ത്തിയില്‍ യന്ത്രത്തകരാറുകളും ഇന്ധനക്ഷാമവുമെല്ലാം കാരണം മുന്നോട്ട് നീങ്ങാനാകാതെ നിന്നുപോയിരുന്നു.
അതേസമയം യുക്രെയിന് സൈന്യവും പൊതുജനങ്ങളുടെ പങ്കാളിത്തമുള്ള ടെറിട്ടോറിയല്‍ ആര്‍മിയും നഗരത്തെ സംരക്ഷിക്കാന്‍ സന്നദ്ധമായി നില്‍പ്പുണ്ട്.. കീവിനകത്തേക്ക് പ്രവേശിക്കുന്ന ഓരോ റഷ്യന്‍ സൈനികനേയും വധിക്കുമെന്ന ഭീഷണിയും യുക്രെയിന് മുഴക്കിയിട്ടുണ്ട്. അതിനിടയില്‍ യുക്രെയിന് 3615 എന്‍ എല്‍ എ ഡബ്ല്യൂ ടാങ്ക് വേധ മിസൈലുകള്‍ നല്‍കിയതായി ബ്രിട്ടീഷ് പ്രതിരൊധ സെക്രട്ടറി അറിയിച്ചു. അതോടൊപ്പം ഏതാനും വിമാനവേധ ജാവലിന്‍ മിസൈല്‍ സിസ്റ്റവും നല്‍കിയതായി അദ്ദേഹം അറിയിച്ചു.
അതേസമയം വ്ളാഡിമിര്‍ പുടിന്റെ സൈന്യം മരണം വിതയ്ക്കുന്നത് തടയുവാന്‍ യുക്രെയിന്റെ ആകാശത്ത് നോ-ഫ്ളൈസോണ് പ്രഖ്യാപിക്കണമെന്ന അപേക്ഷയുമായി സെലെന്‍സ്കി വീണ്ടും രംഗത്തെത്തി. റഷ്യന്‍ അധിനിവേശം രണ്ടാഴ്ച്ച പിന്നിടുമ്പോള്‍ റഷ്യ കൂടുതല്‍ ക്രൂരമായി ജനങ്ങളെ കൊന്നൊടുക്കുകയാണെന്നും സെലെന്‍സ്കി ആരോപിച്ചു. നാറ്റോയും പാശ്ചാത്യ രാജ്യങ്ങളും ഇടപെട്ടില്ലെങ്കില്‍ മൃഗങ്ങളെന്നപോലെ യുക്രൈനികളെ റഷ്യ കശാപ്പു ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരിയുപോള്‍ നഗരത്തിലെ ഒരു പ്രസവാശുപത്രി ബോംബിംഗില്‍ തകര്‍ന്നതോടെയാണ് സെലെന്‍സ്കി വീണ്ടും അപേക്ഷയുമായി എത്തിയിരിക്കുന്നത്. കുട്ടികള്‍ ഉള്‍പ്പടെ നിരവധിപേര്‍ ഇവിടെ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. പലരും ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഗുരുതരമായി പരിക്കേറ്റ രോഗികളേയും നഴ്സുമാരേയും ഒഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
അതേസമയം റഷ്യയ്ക്കെതിരെ പോരാടുവാന്‍ ലോകത്തെ വിദഗ്ദ്ധനായ രഹസ്യ കൊലയാളി യുക്രൈനില്‍ എത്തി. റഷ്യന്‍ സൈനാത്തലവന്മാരെ ഒളിയുദ്ധം ചെയ്ത് വീഴ്ത്താനാണ് തന്റെ ലക്ഷ്യമെന്ന് ഈ നാല്പതുകാരന് പറയുന്നു. ഒളിയുദ്ധ വീരനായ വാലി എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. യുക്രൈന് പ്രസിഡന്റായ വ്ലാദിമിര്‍ സെലിന്സ്കയുടെ ആഹ്വാനം കേട്ട് നിരവധി പേരാണ് യുദ്ധത്തില്‍ പങ്കെടുക്കുവാന്‍ വേണ്ടി ഉക്രൈനിലേക്ക് എത്തുന്നത്. റഷ്യന്‍ സൈന്യം വരുത്തിയ നാശനഷ്ടങ്ങളുടെ ദൃശ്യം ഹൃദയഭേദകമാണെന്നും അദ്ദേഹം പറയുന്നു. 52 രാജ്യങ്ങളില്‍ നിന്നായി 20,000 ല്‍ ഏറെ ആളുകള്‍ യുക്രെയിനില്‍ സൈനിക സേവനം അനുഷ്ഠിക്കാന്‍ തയ്യാറായി മുന്നോട്ട് വന്നിട്ടുണ്ട് എന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
യുദ്ധം വിതച്ചുകൊണ്ടിരിക്കുന്ന നാശനഷ്ടങ്ങള്‍ പര്യവസാനിക്കാന്‍ ഇന്ന് ലോകം മുഴുവന്‍ കാത്തോര്ക്കുകയാണ്.
