തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനുണ്ടായ കനത്ത തോല്‍വിക്ക് കാരണം കൂടെയുള്ളവരുടെ കാലുവാരലാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഖദറിട്ട് നടന്നാല്‍പോര, യു ഡി എഫിന് വോട്ടുകൂടി ചെയ്യണം. പ്രവര്‍ത്തകര്‍ ആത്മാര്‍ഥതയും സത്യസന്ധതയും പുലര്‍ത്തണമെന്നും ചെന്നിത്തല പറഞ്ഞു.
കെ പി സി സി യുടെ ഭാഗമായുള്ള വിവിധ പദവികള്‍ താന്‍ രാജിവച്ചത് സംഘടനാ പ്രശ്നം കൊണ്ടല്ല. കെ പി സി സി അധ്യക്ഷ സ്ഥാനം ഒഴിഞ്ഞപ്പോള്‍ തന്നെ അതോടൊപ്പം വഹിച്ചു പോന്ന പദവികളും താന്‍ രാജിവെക്കാന്‍ തീരുമാനിച്ചിരുന്നു. മൂന്ന് മാസം മുന്‍പ് തന്നെ ഈ പദവികളില്‍ നിന്നുള്ള രാജിക്കത്ത് താന്‍ നല്‍കിയതാണ്.
ജയ്ഹിന്ദ് കൃത്യമായി ഓഡിറ്റ് നടക്കുന്ന സ്ഥാപനമാണ്. കെ സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം നടത്താനുള്ള ശിപാര്‍ശ രാഷ്ട്രീയ പ്രേരിതമാണ്. പിണറായി ഓലപാമ്പ് കാട്ടി പേടിപ്പിക്കേണ്ട. യു ഡി എഫിനും കോണ്‍ഗ്രസിനുമെതിരെ മുസ്ലീംലീഗ് പ്രവര്‍ത്തക സമിതിയിലുണ്ടായ വിമര്‍ശനങ്ങള്‍ സദുദ്ദേശപരമണ്. യു ഡി എഫിന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നത് കൊണ്ടാണ് അത്തരം വിമര്‍ശനങ്ങളുണ്ടാവുന്നതെന്നും ചെന്നിത്തല പറഞ്ഞു.
