മോന്‍സന്‍ മാവുങ്കലിനെതിരെ പരാതി നല്‍കിയവര്‍ തട്ടിപ്പുകാര്‍; നടന്‍ ശ്രീനിവാസനെതിരെ നോട്ടീസ്

കൊച്ചി: പുരാവസ്തു തട്ടിപ്പു കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ പരാതി നല്‍കിയവരെ തട്ടിപ്പുകാര്‍ എന്നു വിളിച്ച നടന്‍ ശ്രീനിവാസന് നോട്ടിസ്. ചാനല്‍ അഭിമുഖത്തില്‍, മോന്‍സന് പണം നല്‍കിയവര്‍ തട്ടിപ്പുകാരാണെന്നും അത്യാര്‍ത്തി കൊണ്ടാണ് പണം നല്‍കിയതെന്നുമുള്ള പരാമര്‍ശത്തിനെതിരെ വടക്കാഞ്ചേരി സ്വദേശി വലിയകത്ത് അനൂപ് വി.മുഹമ്മദാണ് ഒന്നരക്കോടി രൂപയുടെ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് അയച്ചിരിക്കുന്നത്.

പരാതിക്കാരെ രണ്ടു പേരെ എനിക്കറിയാം. അവര്‍ തരക്കേടില്ലാത്ത ഫ്രോഡുകളാണ്, അവരില്‍ ഒരാള്‍ സ്വന്തം അമ്മാവനെ കോടികള്‍ പറ്റിച്ച ആളാണ്. നിഷ്‌കളങ്കമായി പണം കൊടുത്തിട്ടില്ല, കൊടുത്തതിന്റെ പത്തിരട്ടി കിട്ടും. അപ്പോള്‍ പറ്റിക്കാമെന്നു കരുതിയാണ് പണം കൊടുത്തത്. മറ്റു പലരില്‍നിന്നു പണം വാങ്ങിയാണ് അയാള്‍ കൊടുത്തിരിക്കുന്നത്. എന്റെ ഒരു സുഹൃത്തിന് സിനിമ പിടിക്കാന്‍ അഞ്ച് കോടി രൂപ തരാമെന്നു പറഞ്ഞിരുന്നു. ആ അഞ്ച് കോടി ലഭിക്കണമെങ്കില്‍ ഒരു കോടി മറിച്ചു തരണമെന്ന് ആവശ്യപ്പെട്ടു. അതില്‍ വീണവര്‍ക്കാണ് പണം നഷ്ടമായത്. അത്യാര്‍ത്തിയുള്ളവര്‍ക്കു മാത്രമേ പണം നഷ്ടമായിട്ടുള്ളൂ എന്നായിരുന്ന ശ്രീനിവാസന്‍ പറഞ്ഞത്.

മാത്രമല്ല, മോന്‍സന്‍ തട്ടിപ്പുകാരനാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഡോക്ടറെന്നു പറഞ്ഞാണ് പരിചയപ്പെട്ടതെന്നും അദ്ദേഹം മാധ്യമങ്ങളോടു വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *