തിരുവനന്തപുരം: വ്യാജ പുരാവസ്തു തട്ടിപ്പ് കേസില്‍ കസ്റ്റഡിയില്‍ കഴിയുന്ന മോന്‍സന്‍ മാവുങ്കലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി യുവതി. മോന്‍സന്റെ വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തില്‍ എട്ട് ഒളിക്യാമറകളുണ്ടെന്നും ഉന്നത വ്യക്തികളുടെ ദൃശ്യങ്ങള്‍ ഈ ക്യമാറകളില്‍ ചിത്രീകരിച്ചിട്ടുണ്ടെന്നുമാണ് വെളിപ്പെടുത്തല്‍. മോന്‍സന്‍ തന്നെ പീഡനത്തിനിരയാക്കിയെന്ന പരാതി നല്‍കിയ യുവതിയാണ് ഒളിക്യാമറകളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങളും നല്‍കിയത്. മോന്‍സന്റെ ഭീഷണിയെ ഭയന്നാണ് പലരും പൊലീസില്‍ പരാതിപ്പെടാത്തതെന്നും തന്റെ ദൃശ്യങ്ങളും മോന്‍സന്‍ പകര്‍ത്തിയിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തുന്നു.
പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ മോന്‍സന്‍ മാവുങ്കലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണ്. മകള്‍ക്ക് ഉന്നത വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് വീട്ടില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്‌തെന്നാണ് മോന്‍സനെതിരെ കുട്ടിയുടെ അമ്മ നല്‍കിയ പരാതി.
എറണാകുളം കലൂരിലെ രണ്ട് വീട്ടില്‍ വെച്ച് നിരവധി വട്ടം പ്രതി പെണ്‍കുട്ടിയെ ഉപദ്രവിച്ചു. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ മകളെ നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രം നടത്തിച്ചെന്ന് ഗുരുതര ആരോപണവും പരാതിക്കാര്‍ ഉന്നയിയിച്ചിരുന്നു. നോര്‍ത്ത് പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസാണ് ക്രൈംബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷിക്കുന്നത്.
