കൊച്ചി: സാമ്പത്തിക-പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിനെ വീണ്ടും ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍വിട്ടു. വയനാട് എസ്റ്റേറ്റ് തട്ടിപ്പ് കേസിലാണ് മോന്‍സണെ ഒക്ടോബര്‍ ഏഴ് വരെ കസ്റ്റഡിയില്‍വിട്ടത്. മോന്‍സന്റെ സാമ്പത്തിക ക്രമക്കേടില്‍ അടക്കം വിശദമായി ചോദ്യംചെയ്യണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം അംഗീകരിച്ചാണ് കോടതി കസ്റ്റഡി അനുവദിച്ചത്.
മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകള്‍ ദുരൂഹമാണെന്നും മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് പണമിടപാട് നടത്തിയതെന്നും ക്രൈംബ്രാഞ്ച് സംഘം കോടതിയെ അറിയിച്ചു. ഇതിന്റെ വിശദാംശങ്ങള്‍ കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണസംഘം പറഞ്ഞു. ഇതെല്ലാം അംഗീകരിച്ചാണ് മോന്‍സണെ വ്യാഴാഴ്ച വരെ കസ്റ്റഡിയില്‍ വിട്ട് ഉത്തരവിട്ടത്.
