അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ ഗാന്ധി കുടുംബത്തിന് എതിരെ തിരിഞ്ഞ് ഗ്രൂപ്പ് 23 നേതാവ് മനീഷ് തിവാരി. തിരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍നിന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് ഒഴിഞ്ഞുമാറാനാകില്ലെന്നും മോദി അല്ല നേതൃനിരയില്‍ ഉള്ളവരാണ് കോണ്‍ഗ്രസിനെ തകര്‍ത്തടിക്കുന്നതെന്നും മനീഷ് തിവാരി പ്രതികരിച്ചു.
തുടര്‍ച്ചയായ മൂന്നാം ദിവസവും ഗ്രൂപ്പ് 23 നേതാക്കളുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച തുടരുകയാണ്. പാര്‍ട്ടിയില്‍ ജനാധിപത്യം ഉണ്ടാകും വരെ പോരാട്ടം എന്നാണ് ഗ്രൂപ്പ് 23 യുടെ നിലപാട്. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കൂട്ടായ ചര്‍ച്ച നടക്കുന്നില്ലെന്നും ഗാന്ധികുടുംബം ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുകയാണ് ചെയ്യുന്നതെന്നും വിമര്‍ശനമുണ്ട്. സോണിയ ഗാന്ധിക്കെതിരെയല്ല പോരാട്ടമെന്നും നവീകരണത്തിനായി നേതൃമാറ്റം ആവശ്യമാണെന്നുമാണ് ഗ്രൂപ്പ് 23 പറയുന്നത്.
