മെട്രോ സ്റ്റേഷനുകളിൽ 3 ഹൈപ്പർമാർക്കറ്റുകൾ

ചെന്നൈ നഗരത്തിലെ ആദ്യ ഹൈപ്പർമാർക്കറ്റുകൾ മെയ് മാസത്തിൽ ഉദ്ഘാടനം ചെയ്യപ്പെടും. മെട്രോ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മൂന്ന് ഹൈപ്പർ മാർക്കറ്റുകളാണ് ലുലു ചെന്നൈയിൽ പണിതുകൊണ്ടിരിക്കുന്നത്. തുടക്കത്തിൽ ഷേണായി നഗറിലും സെൻട്രലിലുമാണ് ലുലു മാളുകൾ മിഴിതുറക്കുക. പിന്നാലെ വിംകോ നഗറിലേയും സ്റ്റോർ പ്രവർത്തന ക്ഷമമാകും. ഷേണായി നഗറിൽ മിനി മാൾ സംവിധാനത്തിലാണ് ലുലു വരുന്നത് എന്നതും ശ്രദ്ധേയമാണ്.ലുലു മാൾ വരുന്നത് ചെന്നൈ മെട്രോ റെയിൽ ലിമിറ്റഡിന് (CMRL) കൂടുതൽ വരുമാനം ഉറപ്പ് വരുന്നതിനോടൊപ്പം തന്നെ പൊതുജനങ്ങൾക്ക് ആയാസരഹിതമായ ഷോപ്പിങ് നടത്താനും സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സെൻട്രലിലേയും ഷേണായി നഗറിലേയും ഹൈപ്പർ മാർക്കറ്റുകൾ തുറക്കുന്നതിനുള്ള കരാർ ലുലു ഗ്രൂപ്പിന് കൈമാറി കഴിഞ്ഞു.വിംകോ നഗർ മെട്രോ സ്റ്റേഷനിലെ ഹൈപ്പർമാർക്കറ്റിന്റെ പണികൾ പുരോഗമിക്കുകയാണെന്നും മൂന്ന് മുതൽ നാല് മാസത്തിനുള്ളിൽ ഇത് തുറക്കുമെന്നും സി എം ആർ എൽ അധികൃതർ പറഞ്ഞു. ‘രണ്ട് മെട്രോ സ്റ്റേഷനുകളിലും ഫുഡ് കോർട്ടുകൾ, ജനപ്രിയ ടെക്സ്റ്റൈൽ ഔട്ട്ലെറ്റുകൾ, മറ്റ് സംരംഭങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ വരും. എന്നിരുന്നാലും, ഷേണായി നഗർ മെട്രോ സ്റ്റേഷനിൽ 600 പ്രേക്ഷകരെ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു മിനിപ്ലക്സ് ഉണ്ടാകും. നഗരത്തിലെ മറ്റ് സാധാരണ തിയേറ്ററുകളെപ്പോലെ തന്നെ ഇവിടേയും സിനിമകൾ റിലീസ് ചെയ്യും. മാന്യമായ ഇരിപ്പിടങ്ങളും സുഖപ്രദമായ പാർക്കിംഗും ഉള്ളതിനാൽ, നല്ല ജനപങ്കാളിത്തം ഞങ്ങൾ പ്രതീക്ഷിക്കുന്നു.’ സി എം ആർ എൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ഷേണായി നഗറിലെ ഹൈപ്പർമാർക്കറ്റ് ഒരു ലക്ഷം ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുള്ള ബേസ്മെന്റിലാണ് പ്രവർത്തിക്കുന്നത്. സെൻട്രൽ മെട്രോ സ്റ്റേഷനിലെ ഹൈപ്പർമാർക്കറ്റിന്റെ വിസ്തീർണ്ണം 40000 ചതുരശ്ര അടിയും വിംകോ നഗർ മെട്രോയിലേത് 60000 ചതുരശ്ര അടിയുമാണ്. ‘ആവശ്യത്തിന് പാർക്കിംഗ് സൗകര്യങ്ങളും സ്ഥലത്തിന്റെ പ്രാധാന്യവും കണക്കിലെടുക്കുമ്പോൾ ലുലു ഹൈപ്പർമാർക്കറ്റ് യാഥാർത്ഥ്യമാകുന്നതോടെ യാത്രക്കാരുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’ സി എം ആർ എൽ ഉദ്യോഗസ്ഥൻ പറഞ്ഞു.ട്രാൻസിറ്റ് സർവീസ് വഴി വരുമാനം നേടുന്നതിനു പുറമേ, വിവിധ ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്‌മെന്റ് (TOD) വഴി കൂടുതൽ വരുമാനം കരസ്ഥമാക്കാനുള്ള സംവിധാനങ്ങളും സി എം ആർ എൽ ആവിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. ചെന്നൈ മെട്രോ അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് (CMAML) എന്ന പേരിൽ ഒരു കമ്പനിയും സി എം ആർ എൽ ഇതിനായി രൂപീകരിച്ചിട്ടുണ്ട്. ബ്രോഡ്‌വേ, തിരുവൊട്ടിയൂർ തുടങ്ങി വിവിധ സ്ഥലങ്ങളിലെ പ്രോപ്പർട്ടി വികസനത്തിലും സി എം എ എം എൽ പങ്കാളികളാണ്.

Leave a Reply

Your email address will not be published. Required fields are marked *