വിനോദസഞ്ചാരികളുടെ എന്നത്തേയും ഫേവറൈറ്റ് പ്ലെയ്‌സ് ആയ മൂന്നാര്‍ കോവിഡ് നിയന്ത്രണങ്ങളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചിരിക്കുകയായിരുന്നു. വാക്‌സിനേഷനും, നിയന്ത്രങ്ങളിലെ ഇളവും മൂലം ഇപ്പോള്‍ വീണ്ടും മൂന്നാറില്‍ സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചിരിക്കുന്നു. ഓണാവധി ആഘോഷിക്കാന്‍ നൂറുകണക്കിന് സഞ്ചാരികളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളായി മൂന്നാറിലേക്കെത്തിയത്.അടുത്ത രണ്ട് ദിവസങ്ങളില്‍ കൂടി ഈ തിരക്ക് തുടരുമെന്നാണ് പ്രതീക്ഷ. കൊവിഡ് ആശങ്കയെ തുടര്‍ന്ന് മാസങ്ങളായി വരുമാനം നിലച്ചിരുന്ന വഴിയോര കച്ചവടക്കാര്‍ക്കുള്‍പ്പെടെ സഞ്ചാരികളുടെ വരവ് നേരിയ ആശ്വാസം നല്‍കുന്നതാണ്.
രാജമലയും വിവിധ ബോട്ടിംഗ് സെന്ററുകളിലുമടക്കം സഞ്ചാരികളുടെ വലിയ തിരക്ക് അനുഭവപ്പെട്ടു. മാങ്കുളം, മറയൂര്‍, വട്ടവട തുടങ്ങിയ ഇടങ്ങളിലേക്കും സഞ്ചാരികള്‍ എത്തുന്നുണ്ട്. 2018ലെ പ്രളയം മുതല്‍ മൂന്നാറിന്റെ വിനോദ സഞ്ചാരമേഖലക്ക് തിരച്ചടികളുടെ കാലമാണ്. 2018ന് ശേഷം കാലവര്‍ഷക്കെടുതികളെ തുടര്‍ന്ന് ഓണക്കാലത്ത് സഞ്ചാരികള്‍ മൂന്നാറിലേക്കെത്തുന്നത് കുറവായിരുന്നു. ഇത്തവണ ഓണക്കാലത്തുണ്ടായ തെളിഞ്ഞ അന്തരീക്ഷം സഞ്ചാരികള്‍ കൂടുതലായി എത്താന്‍ ഇടയാക്കിയിട്ടുണ്ട്.
