പാലക്കാട്: രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം വിശുദ്ധി കാത്ത് സൂക്ഷിച്ച സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ടി ശിവദാസമേനോന്‍(90) വിടവാങ്ങി. കോഴിക്കോട്ടെ സ്വകാര്യ ആശുപതിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ധക്യകാല അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു. ഭാര്യ ഭവാനി അമ്മ 2003ൽ മരിച്ചു. മക്കൾ: ടി.കെ. ലക്ഷ്മീദേവി, കല്ല്യാണിക്കുട്ടി. മരുമക്കൾ: കരുണാകര മേനോൻ (എറണാകുളം), സി. ശ്രീധരൻനായർ (മഞ്ചേരി).
പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്നും വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ടി.ശിവദാസ മേനോന്‍ രണ്ട് തവണയായി ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യം വൈദ്യുതി, ഗ്രാമവികസന വകുപ്പുകള്‍ കൈകാര്യം ചെയ്തു. സംസ്ഥാനത്ത് അധ്യാപക യൂണിയനുകള്‍ സംഘടിപ്പിക്കുന്നതില്‍ ശക്തമായ ഇടപെടല്‍ നടത്തിയാണ് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിപ്പിച്ചത്. 1987ലെ ഇ.കെ.നായനാർ മന്ത്രിസഭയിൽ വൈദ്യുതി, ഗ്രാമവികസന വകുപ്പുകൾ കൈകാര്യം ചെയ്തു. 1996ലെ ഇ.കെ.നായനാർ മന്ത്രിസഭയിൽ ധനമന്ത്രിയായി. 1991ൽ പ്രതിപക്ഷത്തായിരുന്നപ്പോൾ ചീഫ് വിപ്പായി. ഇതിനിടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയർമാൻ സ്ഥാനവും വഹിച്ചു.
