മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച അനുകൂലം ; സമരത്തിനില്ലെന്ന് വ്യാപാരികള്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സന്തുഷ്ടരെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി നസറുദ്ദീന്‍. കടകള്‍ തുറക്കുന്നതടക്കം തങ്ങള്‍ ഉന്നയിച്ച വിഷയങ്ങളില്‍ മുഖ്യമന്ത്രി അനുകൂല നിലപാടാണ് സ്വീകരിച്ചത്.ഈ സാഹചര്യത്തില്‍ സര്‍ക്കാരുമായി ഒരു ഏറ്റുമുട്ടലിനില്ലെന്ന നിലപാടാണ് വ്യാപാരികളുടേത്. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നേതാക്കള്‍.

വ്യാപാരികളോട് സര്‍ക്കാരിന് അനുഭാവ പൂര്‍ണമായ നിലപാടാണെന്ന് മുഖ്യമന്ത്രി നേതൃത്വത്തെ അറിയിച്ചു. ഭീഷണിയുടെ രൂപത്തിലല്ല മുഖ്യമന്ത്രി വ്യാപാരികളോട് സംസാരിച്ചതെന്നും സര്‍ക്കാരിനെ വിശ്വാസത്തിലെടുക്കണമെന്നും ആവശ്യപ്പെട്ടു. ഓണക്കാലം വരെ തടസമില്ലാതെ വ്യാപാരം നടത്താന്‍ കഴിയണമെന്ന ആവശ്യം സംഘടന ചര്‍ച്ചയില്‍ മുന്നോട്ടുവച്ചു. വ്യാപാരികളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി സാധിക്കുന്ന നടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.

ബക്രീദുമായി ബന്ധപ്പെട്ട് കടകള്‍ പൂര്‍ണമായും തുറക്കാന്‍ അനുമതി നല്‍കുന്ന വിധത്തില്‍ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓണം വരെ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന ആവശ്യവും മുഖ്യമന്ത്രി അംഗീകരിച്ചതായും വ്യാപാരികള്‍ പറഞ്ഞു. വൈദ്യുതി ചാര്‍ജ്ജ്, സെയില്‍സ് ടാക്സ് , ജിഎസ്ടി അപാകതകള്‍, ക്ഷേമനിധി സംബന്ധിച്ച വിഷയം തുടങ്ങിയ വിഷയങ്ങളിലും പരിഹാരമുണ്ടാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും വ്യാപാരികള്‍ വ്യക്തമാക്കി.

കടകള്‍ തുറക്കുന്നതും പ്രവര്‍ത്തിക്കാനുള്ള സമയപരിധിയും പൊലീസുകാരുടെ ഇടപെടലും യോഗത്തില്‍ ചര്‍ച്ചയായി. പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുന്ന കാര്യം പരിഗണിക്കാമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയെന്ന് നേതാക്കള്‍ പറഞ്ഞു. 14 ജില്ലാ പ്രസിഡന്റുമായും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു

കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വ്യാപാരികളും സര്‍ക്കാരും തമ്മില്‍ ഏറ്റുമുട്ടലിന്റെ വക്കിലെത്തിയിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ച് കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് വ്യാപാരികള്‍ നിലപാടെടുത്തതോടെ സര്‍ക്കാരും ശക്തമായി പ്രതികരിക്കുമെന്ന നിലവന്നു. ഇതിനു പിന്നാലെയാണ് പ്രശ്‌നപരിഹാരത്തിന്റെ ഭാഗമായി ഇന്ന് ചര്‍ച്ച നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *