മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലെ പ്രതിഷേധത്തിന് പിന്നിൽ ശബരിനാഥനോ? ചോ​ദ്യം ചെയ്യാനൊരുങ്ങി പൊലീസ്

തിരുവനന്തപുരം∙ വിമാനയാത്രയ്ക്കിടെ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായ സംഭവത്തിന് പിന്നിൽ മുൻ എംഎൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനുമായ കെ.എസ്.ശബരീനാഥനെന്ന് പൊലീസിന് സൂചന. സംഭവത്തിൽ അദ്ദേഹത്തെ ഉടൻ ചോദ്യം ചെയ്യും.

ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ ശംഖുമുഖം അസി. കമ്മിഷണർ കെ.എസ്.ശബരീനാഥന് നോട്ടിസ് നൽകിയിട്ടുണ്ട്. വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിനു നിർദേശം നൽകിയത് കെ.എസ്.ശബരീനാഥനാണെന്ന് വിവരം ലഭിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രിക്കെതിരായ വിമാനത്തിലെ പ്രതിഷേധത്തിന് നിർദ്ദേശം നൽകിയത് കെ.എസ്.ശബരീനാഥനാണെന്നു സൂചിപ്പിക്കുന്ന തരത്തിലുള്ള സ്ക്രീൻ ഷോട്ട് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിമാനത്തിനുള്ളിൽ നടന്നത് സമാധാനപരമായ പ്രതിഷേധമാണെന്നും സമരം ചെയ്യാൻ ആർക്കും അവകാശമുണ്ടെന്നും വാർത്തയ്ക്കു പിന്നാലെ കെ.എസ്.ശബരീനാഥന്‌ പ്രതികരിച്ചു. പൊലീസ് അന്വേഷണത്തോട് കൃത്യമായി സഹകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. വിമാനം തിരുവനന്തപുരത്ത് ലാൻഡ് ചെയ്ത ശേഷമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. എല്‍ഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ഇവരെ മർദിച്ച് താഴെയിടുന്ന വിഡിയോ പിന്നീട് പുറത്തുവന്നു. 36 പേരാണ് കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്ക് യാത്രക്കാരായി ഉണ്ടായിരുന്നത്. പൈലറ്റും സഹപൈലറ്റും രണ്ട് കാബിൻ ക്രൂവും ഉൾപ്പെടെ മൊത്തം 40 പേർ വിമാനത്തിൽ ഉണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *