പാലക്കാട്: എം.എല്‍.എ.യും നടനുമായ മുകേഷുമായുള്ള വിവാഹബന്ധം വേര്‍പെടുത്താനുള്ള തീരുമാനത്തില്‍ നിലപാട് വ്യക്തമാക്കി മേതില്‍ ദേവിക. വിവാഹ മോചന ഹര്‍ജി നല്‍കിയിരിക്കുന്നത് എന്റെ ഭാഗത്തുനിന്നാണ്. മുകേഷിന്റെ നിലപാട് ഇനിയും വ്യക്തമാക്കിയിട്ടില്ല. പിരിയാനുള്ള കാരണം വ്യക്തിപരമാണ്. വേര്‍പിരിയാനുള്ള തീരുമാനമെടുത്ത സന്ദര്‍ഭം വളരെ പ്രയാസകരമായ ഘട്ടമാണെന്നും അവര്‍ പറഞ്ഞു.
മുകേഷിന്റെ രാഷ്ട്രീയമായ പശ്ചാത്തലം മുന്‍നിര്‍ത്തിയാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ വിശദീകരിക്കാന്‍ നിര്‍ബന്ധിതയായത്. വിവാഹ മോചന ഹര്‍ജി നല്‍കുന്നതിന് തിരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുകയായിരുന്നു. മുതിര്‍ന്ന ആള്‍ക്കാരാണ് ഞങ്ങള്‍ രണ്ടുപേരും. അദ്ദേഹത്തിനു മേല്‍ ചെളിവാരിയെറിയാന്‍ താല്പര്യമില്ല. നടന് എന്ന നിലയിലും രാഷ്ട്രീയ പ്രവര്ത്തകന് എന്ന നിലയിലുമുള്ള മുകേഷിന്റെ നിലയുമായി ഇത്തരം വ്യക്തിപരമായ കാര്യങ്ങള്‍ കൂട്ടിക്കുഴയ്ക്കാന്‍ പാടില്ല. മുകേഷുമായി ദേഷ്യത്തോടെ പിരിയേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ലെന്നും അവര്‍ പറഞ്ഞു..
വിവാഹമോചനവുമായി ബന്ധപ്പെട്ട് തനിക്കുള്ള ആരോപണങ്ങളില്‍ ഗാര്‍ഹിക പീഡനം ഉള്‍പ്പെടുന്നില്ല. രാഷ്ട്രീയ പ്രതികരണങ്ങളോട് പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
