ന്യൂഡല്‍ഹി: മുംബൈ ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസിലെ സാക്ഷി കിരണ്‍ ഗോസാവി അറസ്റ്റില്‍. പൂനെ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
ഉത്തര്‍പ്രദേശില്‍ ലക്നൗവിലെ ഒരു പോലീസ് സ്റ്റേഷനില്‍ ഇയാള്‍ കീഴടങ്ങിയേക്കുമെന്ന് കഴിഞ്ഞ മൂന്ന് ദിവസമായി അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. മുംബൈയില്‍ കീഴടങ്ങാന്‍ ഭയമുള്ളത് കൊണ്ട് ലക്നൗവിലെത്തി കീഴടങ്ങുമെന്നാണ് ഇയാള്‍ ഒരു അന്താരാഷ്ട്ര മാദ്ധ്യമത്തോട് വ്യക്തമാക്കിയത്.
മുംബൈയിലെ ആഡംബര കപ്പില്‍ എന്‍സിബി നടത്തിയ റെയ്ഡിന്റെ ദൃക്‌സാക്ഷികളിലൊരാളാണ് ഗോസാവി. ആഡംബര കപ്പലില്‍ ലഹരി പാര്‍ട്ടിക്കിടെ നടന്ന പരിശോധനയിലും പിന്നീട് ആര്യനൊപ്പം എന്‍സിബി ഓഫീസിലും ഗോസാവി ഉണ്ടായിരുന്നു. രണ്ടു സ്ഥലത്തുവച്ചും ആര്യനൊപ്പം ഇയാള്‍ ചിത്രീകരിച്ച സെല്‍ഫി ചിത്രങ്ങളാണ് വിവാദത്തിനു വഴിവച്ചത്. ഗോസാവിയും ആര്യനും ഉള്‍പ്പെട്ട സെല്‍ഫി സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.
