മാധ്യമങ്ങളെ രൂക്ഷമായി പരിഹസിച്ച് മുകേഷ് MLA

കാണാതായ കൊല്ലം എംഎൽഎ മുകേഷിനെ കണ്ടുകിട്ടി എന്ന വാർത്തയാണ് ഇന്ന് സിപിഎം സമ്മേളത്തിലെ ഹൈലൈറ്റ് .. കൊല്ലം മണ്ഡലം എംഎൽഎ ആയ മുകേഷ് സമ്മേളനത്തിൽ എത്താത്തത് വലിയ വിവാദമായിരുന്നു. ജോലി തിരക്കുണ്ടായിരുന്നതിനാലാണ് രണ്ട് ദിവസം സമ്മേളനത്തിൽ എത്താതിരുന്നതെന്ന് മുകേഷ് പറഞ്ഞു. തനിക്ക് വിലക്കൊന്നുമില്ല. പാർട്ടി അംഗമല്ലെന്നും സമ്മേളനത്തിൽ പ്രതിനിധി അല്ലെന്നും മുകേഷ് പറഞ്ഞു.

‘ഷൂട്ടിങ് കഴിഞ്ഞ് കൊല്ലത്ത് വരും, ഒരു പാവപ്പെട്ടവനെ ഉപദ്രവിക്കല്ലേ; ഞാനൊരു ചെറിയ മനുഷ്യനാണ്’
‘‘രണ്ട് ദിവസം ഞാൻ സ്ഥലത്തില്ലായിരുന്നു. നിയമസഭ ഇല്ലാത്ത സമയം നോക്കി ജോലിയുമായി ബന്ധപ്പെട്ടുള്ള യാത്രയിലായിരുന്നു. പാർട്ടിയെ അറിയിച്ചിട്ടാണ് പോയത്. പിന്നെ, നിങ്ങളുടെ ഈ കരുതലിന് വലിയ നന്ദിയുണ്ട്. ഞാൻ കൊല്ലത്തുനിന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറുമ്പോൾ ഇത്രയും കരുതൽ നിങ്ങൾ കാണിക്കുന്നുണ്ടല്ലോ. നമ്മൾ ഇല്ലാതെ കൊല്ലം ഇല്ലബ്രാഞ്ച് സമ്മേളനത്തിന് പോകുന്നില്ലേയെന്ന് ചോദിച്ച് ഒരാൾ ഇന്ന് രാവിലെ ലണ്ടനിൽനിന്ന് വിളിച്ചിരുന്നു. ആരാണെന്ന് ചോദിച്ചപ്പോൾ പൂയപ്പള്ളിയിലെ ബ്രാഞ്ച് സെക്രട്ടറിയാണെന്നാണ് പറഞ്ഞത്. എന്താണ് ലണ്ടനിൽ പോയതെന്ന് ചോദിച്ചപ്പോൾ ജോലിയാണെന്നാണ് പറഞ്ഞത്. ഞാനും ജോലിക്ക് തന്നെയാണ് പോയതെന്നും ഇന്ന് സമ്മേളനത്തിന് പോകുമെന്നുമാണ് അയാളെ അറിയിച്ചത്. സമ്മേളനത്തിന്റെ രീതി അറിയാത്തത് കൊണ്ടാണ് എന്റെ അസാന്നിധ്യം ചർച്ചയായത്. സമ്മേളനത്തിന് എത്തുന്നത് പാർട്ടി തിരഞ്ഞെടുത്തിട്ടുള്ള പ്രതിനിധികളാണ്. ഞാൻ പ്രതിനിധിയല്ല, അതുകൊണ്ട് സമ്മേളനത്തിന് എത്തുന്നതിന് പരിമിതികളുണ്ട്. എന്നാൽ, ലോഗോ പ്രകാശനം, അതിനോടൊപ്പം നടന്ന കബഡി മത്സരം തുടങ്ങിയവയിലെല്ലാം ഞാൻ‌ പങ്കെടുത്തിരുന്നു’’ ഇതായിരുന്നു മുകേഷിന്റെ പ്രതികരണം.

കൊല്ലത്ത് നടക്കുന്ന സമ്മേളനത്തിൽ പാർട്ടി എംഎൽഎയായ മുകേഷ് ഇല്ലാത്തതിനെ കുറിച്ചുള്ള ചർച്ചകളുയർന്നിരുന്നു. കൊല്ലം എംഎൽഎ എന്ന നിലയിൽ മുഖ്യ സംഘാടകരിൽ ഒരാൾ ആവേണ്ടയാളായിരുന്നു മുകേഷ്. സംസ്ഥാന സമ്മേളന പ്രതിനിധിയല്ലെങ്കിലും ഉദ്ഘാടന സെഷനിൽ മുകേഷിനു പങ്കെടുക്കാമായിരുന്നു. എന്നാൽ ലൈംഗിക ആരോപണം ഉയർന്ന സാഹചര്യത്തിൽ മുകേഷിനെ പാർട്ടി മാറ്റിനിർത്തിയെന്ന ആരോപണങ്ങളുയർന്നു. ഇത് വലിയ ചർച്ചയായപ്പോഴാണ് പാർട്ടി ഇടപെട്ട് മുകേഷിനോട് കൊല്ലത്തേക്ക് എത്താൻ ആവശ്യപ്പെട്ടത്.
ഷൂട്ടിങ് തിരക്കിലായതിനാൽ മുകേഷ് സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് പാർട്ടിയെ നേരത്തെ അറിയിച്ചിരുന്നതായാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ ഇക്കാര്യം കൊല്ലത്തെ സിപിഎം നേതാക്കൾ ആരും സ്ഥിരീകരിച്ചില്ല. മുകേഷിന് പാർട്ടി അപ്രഖ്യാപിത വിലക്ക് ഏർപ്പെടുത്തിയിരുന്നു. മുകേഷ് എവിടെയെന്ന് നിങ്ങൾ തിരക്കിയാൽ മതിയെന്നായിരുന്നു സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ച് നടന്ന വാർത്താസമ്മേളനത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞത്. ആരൊക്കെ എവിടെയെന്ന് എനിക്ക് എങ്ങനെ അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *