തൃശൂർ: വൃക്ക രോഗിയായ യുവാവിന്റെ ചികിത്സയ്ക്ക് ഒരു പവന്റെ വള ഊരി നൽകി മന്ത്രി ഡോ.ആർ.ബിന്ദു. ഇരിങ്ങാലക്കുട കരുവന്നൂർ മൂർക്കനാട്ട് വന്നേരിപ്പറമ്പിൽ വിവേകിന്റെ ചികിത്സയ്ക്ക് ധനം സമാഹരിക്കാൻ മൂർക്കനാട് ഗ്രാമീണ വായനശാലയിൽ കഴിഞ്ഞ ദിവസം നടന്ന കൂട്ടായ്മയിലാണ് മന്ത്രിയുടെ സന്മനസ് നാടിന് മാതൃകയായത്.
ഒരു വർഷം മുൻപ് മന്ത്രിയുടെ മകൻ അഡ്വ.ഹരികൃഷ്ണന്റെ വിവാഹനിശ്ചയത്തിന് അമ്മയ്ക്ക് നൽകിയ സ്നേഹ സമ്മാനമായിരുന്നു വള. ആ സമ്മാനം വലിയൊരു കാര്യത്തിന് ഉപകരിച്ചതിലെ സന്തോഷമാണ് മന്ത്രിക്ക്. അമ്മ കാട്ടിയ മാതൃകയിൽ അഭിമാനിക്കുകയാണ് ഹരികൃഷ്ണനും കുഴൽ കലാകാരനാണ് 27കാരനായ വിവേക്. വിവേകിന്റെ അവസ്ഥയറിഞ്ഞപ്പോൾ മന്ത്രിക്ക് കണ്ണ് നിറഞ്ഞു. വള ഊരി സഹായ സമിതി ഭാരവാഹികളെ ഏല്പിച്ചു. അപ്രതീക്ഷിതമായി മന്ത്രി നൽകിയ സഹായം കണ്ട് എല്ലാവരും സ്തംഭിച്ചുനിന്നു. യോഗത്തിൽ പങ്കെടുത്ത വിവേകിന്റെ സഹോദരൻ വിഷ്ണുവിനെ ആശ്വസിപ്പിച്ച്, കഴിയുന്ന സഹായം ഇനിയും ചെയ്യുമെന്ന് ഉറപ്പും നൽകിയാണ് മന്ത്രി മടങ്ങിയത്.
ആഴ്ചയിൽ മൂന്ന് ദിവസം ഡയാലിസിസ് ചെയ്യുകയാണ് വിവേക്. വൃക്ക മാറ്റിവയ്ക്കുകയല്ലാതെ വേറെ മാർഗമില്ല. മേളം കലാകാരനായ അച്ഛൻ രോഗശയ്യയിലാണ്. അമ്മയ്ക്കും വാർദ്ധക്യസഹജമായ അസുഖങ്ങളുണ്ട്.
