ഭൗതികശാസ്ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന്‍ അന്തരിച്ചു

പൂനെ: പ്രമുഖ ഭൗതികശാസ്ത്രജ്ഞന്‍ പ്രൊഫ. താണു പത്മനാഭന്‍ (64) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പൂനെയിലെ വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പൂനെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്സിലെ അക്കാദമിക് വിഭാഗം ഡീനായി വിരമിച്ച അദ്ദേഹം അവിടെ തന്നെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയായിരുന്നു.

പ്രപഞ്ചത്തിലെ വിന്യാസങ്ങളുടെ രൂപീകരണം, ഗുരുത്വാകര്‍ഷണം,. ക്വാണ്ടം ഗുരുത്വം എന്നിവയാണ് അദ്ദേഹത്തിന്റെ പ്രധാന വിഷയങ്ങള്‍. എമര്‍ജന്റ് ഗ്രാവിറ്റിയില്‍ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതല്‍ വികസിപ്പിച്ചതാണ് താണു പത്മനാഭന്റെ ഏറ്റവും പ്രധാന സംഭാവന.

ആഫ്ടര്‍ ദി ഫസ്റ്റ് ത്രീ മിനുട്സ് – ദ സ്റ്റോറി ഓഫ് ഔവര്‍ യൂണിവേഴ്സ് , തിയററ്റിക്കല്‍ ആസ്‌ട്രോഫിസിക്സ്, ആന്‍ ഇന്‍വിറ്റേഷന്‍ ടു ആസ്‌ട്രോഫിസിക്സ് തുടങ്ങിയ അദ്ദേഹത്തിന്റെ കൃതികള്‍ പ്രസിദ്ധമാണ്. രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഉയര്‍ന്ന ശാസ്ത്ര ബഹുമതിയായ കേരള ശാസ്ത്ര പുരസ്‌കാരം ഈ വര്‍ഷം അദ്ദേഹത്തിന് ലഭിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *