ബിഹാറില്‍ വിശാല സഖ്യസര്‍ക്കാര്‍ അധികാരത്തിലേക്ക്; നിതീഷിന്റെ സത്യപ്രതിജ്ഞ ഇന്ന്

ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ വിശാലസഖ്യ സര്‍ക്കാര്‍ ഇന്ന് അധികാരമേല്‍ക്കും. ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും ചുമതലയേല്‍ക്കും. എട്ടാം തവണയാണ് ജെഡിയു നേതാവ് നിതീഷ് കുമാര്‍ ബിഹാര്‍ മുഖ്യമന്ത്രിയാകുന്നത്.

ഉപമുഖ്യമന്ത്രി സ്ഥാനം വേണമെന്ന കോൺഗ്രസിന്റെ ആവശ്യം ആർ ജെ ഡി തള്ളി. സ്പീക്കര്‍ സ്ഥാനം കോണ്‍ഗ്രസിനു നല്‍കിയേക്കും. ആഭ്യന്തര വകുപ്പ് വേണമെന്ന് തേജസ്വി യാദവ് കടുത്ത നിലപാട് സ്വീകരിച്ചിട്ടുണ്ട്. കോൺഗ്രസ്, ഇടത് പാർട്ടികൾ, മറ്റ് ചെറുകക്ഷികൾ എന്നിവർക്കും മന്ത്രിസഭയിൽ പ്രാതിനിധ്യം ഉണ്ടാകും.

ആര്‍ജെഡി നേതൃത്വം നല്‍കുന്ന മഹാഗഡ്ബന്ധന്റെ നിയമസഭ കക്ഷി നേതാവായി നിതീഷ് കുമാറിനെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു. എന്‍ഡിഎ സഖ്യം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി പ്രഖ്യാപിച്ച മുഖ്യമന്ത്രി നിതീഷ് കുമാര്‍ വൈകീട്ട് ഗവര്‍ണര്‍ ഫഗു ചൗഹാനെ സന്ദര്‍ശിച്ച് രാജിക്കത്തു നല്‍കി. തുടർന്ന് പ്രതിപക്ഷമഹാസഖ്യത്തിന്റെ ക്യാമ്പായ മുന്‍ മുഖ്യമന്ത്രി റാബ്രി ദേവിയുടെ വീട്ടിലേക്കു പോയ നിതീഷ് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, കോണ്‍ഗ്രസ്, ഇടതുനേതാക്കളുമായി ചർച്ച നടത്തി.

Leave a Reply

Your email address will not be published. Required fields are marked *