ന്യൂഡല്‍ഹി: പ്രവാചകന് എതിരായ ബി ജെ പി വക്താവിന്റെ വിവാദ പരാമർശത്തിൽ പ്രതിഷേധം അറിയിച്ച പാകിസ്താന് മറുപടിയുമായി ഇന്ത്യ. ന്യൂനപക്ഷ അവകാശങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്ന പാകിസ്താന് മറ്റൊരു രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രതികരിക്കുന്നത് അപഹാസ്യമാണെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
വിവിധ മത വിഭാഗങ്ങളെ പാകിസ്താന് എത്ര വ്യവസ്ഥാപിതമായാണ് വേട്ടയാടുന്നത് എന്നതിന് ലോകം സാക്ഷിയാണ്. എല്ലാ മതങ്ങള്‍ക്കും വലിയ ബഹുമാനമാണ് ഇന്ത്യന്‍ സര്‍ക്കാര്‍ നല്‍കുന്നത്. മതഭ്രാന്തന്മാരെ മഹത്വവത്കരിക്കുകയും അവരെ ആദരിച്ച് സ്മാരകങ്ങള്‍ നിര്‍മിക്കുകയും ചെയ്യുന്ന പാകിസ്താനെപ്പോലെയല്ല ഇന്ത്യ. ഇന്ത്യയില്‍ വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ശ്രമിക്കാതെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയും മെച്ചപ്പെട്ട ജീവിതവും ഉറപ്പാക്കാന്‍ പാകിസ്താന് ശ്രമിക്കണം’, വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രസ്താവനയില്‍ പറയുന്നു.
നരേന്ദ്ര മോദിയുടെ ഭരണത്തില്‍ ഇന്ത്യയില്‍ മുസ്ലിങ്ങളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുകയാണെന്നും രാജ്യത്ത് മതസ്വാതന്ത്ര്യം നഷ്ടമായെന്നുമാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ട്വിറ്ററിലൂടെ പ്രതികരിച്ചത്. പ്രവാചകന് മുഹമ്മദ് നബിക്കെതിരായ ബിജെപി നേതാവിന്റെ വിവാദപരാമര്‍ശത്തില്‍ അപലപിക്കുന്നു. ലോകരാജ്യങ്ങള്‍ ഇതില്‍ ശക്തമായി പ്രതിഷേധിക്കണമെന്നും ഇന്ത്യയ്ക്കു താക്കീത് നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരേയാണ് രൂക്ഷമായ ഭാഷയില്‍ പ്രതികരണവുമായി ഇന്ത്യ രംഗത്തെത്തിയത്.
