ന്യൂഡൽഹി: സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റർ ചുറ്റളവ് പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിക്കണമെന്ന സുപ്രീം കോടതി ഉത്തരവിലെ ആശങ്ക അകറ്റണം എന്നാവശ്യപ്പെട്ട് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ വനം പരിസ്ഥിതി മന്ത്രിയെ കണ്ടു. ഉത്തരവിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ജനജീവിതത്തെ തടസപ്പെടുത്തുന്ന തീരുമാനങ്ങൾ ഉണ്ടാകരുതെന്ന് ശ്രീ.ഭൂപേന്ദർ യാദവുമായി നടത്തിയ കൂടിക്കാഴ്ചയിൽ വി.മുരളീധരൻ ആവശ്യപ്പെട്ടു.
ദേശീയ ശരാശരിയെക്കാൾ അധികം ജനസാന്ദ്രതയുള്ള കേരളത്തിൻ്റെ ആശങ്ക ഗൗരവതരമാണ്.കൃഷി, ചെറുകിട വ്യവസായം തുടങ്ങിയ സർവമേഖലയെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയിൽ ആണ് വനാതിർത്തി പ്രദേശങ്ങളിലെ ജനങ്ങളെന്നും മന്ത്രി ചൂണ്ടിക്കാട്ടി.സംസ്ഥാനത്ത് ഉടനീളം ബഫർ സോൺ വിധിയിൽ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് നിർണായക കൂടികാഴ്ച. കേന്ദ്ര മന്ത്രാലയ ഇടപെടൽ ആവശ്യപ്പെട്ട് കേരളത്തിൽ നിന്നുള്ള നിവേദക സംഘവും വി.മുരളീധരനെ കണ്ടിരുന്നു. കേരള സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയാണ് സുപ്രീം കോടതിയുടെ വിധി പ്രഖ്യാപനത്തിന് ഇടവരുത്തിയതെന്ന വിമർശനവും ശക്തമാണ്.
