തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പുറത്തുവന്ന പുതിയ മഴ അലര്‍ട്ടില്‍ അടുത്ത 3 ദിവസത്തേക്ക് വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു നിലവില്‍ ശ്രീലങ്കക്ക് മുകളിലും തമിഴ്‌നാട് തീരത്തിനും സമീപമായി സ്ഥിതി ചെയ്യുകയാണ്. അടുത്ത 3-4 ദിവസത്തേക്ക് കൂടി പടിഞ്ഞാറു ദിശയിലുള്ള ന്യൂനമര്‍ദ്ദത്തിന്റെ സഞ്ചാരം തുടരാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍. ന്യൂനമര്‍ദ്ദ സ്വാധീനഫലമായി കേരളത്തില്‍ ഇടി മിന്നലൊടു കൂടിയ മഴ നവംബര്‍ 3 വരെ തുടരാന്‍ സാധ്യതയുണ്ട്. നവംബര്‍ 3 വരെ ഒറ്റപെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
