ന്യൂഡൽഹി: വ്യാജ പ്രചരണങ്ങൾക്ക് ഉപയോഗിക്കുന്ന അക്കൗണ്ടുകളുടെ കാര്യത്തിൽ ഫേസ്ബുക്ക് വിവേചനം കാണിക്കുന്നെന്ന് ഫേസ്ബുക്ക് മുൻ ജീവനക്കാരി. ബിജെപി അനുകൂല അക്കൗണ്ടുകള്‍ക്കെതിരെ ഫേസ്ബുക്ക് നടപടിയെടുക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് മുൻ ഡാറ്റാ സയന്റിസ്റ്റായ ഫിഷാങ് വ്യക്തമാക്കി.
ഉദാഹരണമായി ബിജെപി എംപി വിനോദ് സോങ്കറുമായി നേരിട്ട് ബന്ധിപ്പിച്ച വ്യാജ അക്കൗണ്ടുകളുടെ ശൃംഖലയ്‌ക്കെതിരെ ഫേസ്ബുക്ക് നടപടിയെടുത്തില്ലെന്നാണ് ഇവരുടെ ആരോപണം. എന്നാല്‍ അതേ സമയം പഞ്ചാബിലെ കോൺഗ്രസ് നേതാക്കളായ അരുൺ ഡോഗ്ര, സുന്ദർ ഷാം അറോറ, ബൽവീന്ദർ സിംഗ് ലഡി (അറോറയും ലഡിയും പിന്നീട് ബിജെപിയിൽ ചേർന്നു) എന്നിവര്‍ ബന്ധപ്പെട്ട വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ നടുപടി എടുത്തു.
ഫേസ്ബുക്കിലെ ഫിഷാങ് ഇതിന്റെ തെളിവുകളായുള്ള സ്‌ക്രീൻഷോട്ടുകളും പരസ്യമാക്കിയിട്ടുണ്ട്. ലോക്‌സഭയിലെ പാർലമെന്ററി കമ്മിറ്റിക്ക് മുന്നിൽ ഈ തെളിവുകള്‍ എത്തിക്കാന്‍ ആറ് മാസത്തോളം കാത്തിരുന്നുവെന്നും, എന്നാല്‍ സ്പീക്കറിൽ നിന്ന് ഇതു സംബന്ധിച്ചുള്ള പ്രതികരണങ്ങളൊന്നും ലഭിച്ചില്ലെന്നും ഇവര്‍ ആരോപിക്കുന്നുവെന്നാണ് ദ പ്രിന്‍റ് റിപ്പോര്‍ട്ട് പറയുന്നത്.
