തിരുവനന്തപുരം: പ്രായം തളര്‍ത്താത്ത പോരാട്ടവീര്യം, മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് ഇന്ന് തൊണ്ണൂറ്റിയെട്ട് വയസ്. അടിയുറച്ച നിലപാടുകളും തിരുത്താന്‍ തയ്യാറാകാത്ത തീരുമാനങ്ങളുമാണ് വി എസ് എന്ന ജനനായകനെ പ്രിയപ്പെട്ടതാക്കുന്നതും. പൊതു രാഷ്ട്രീയ രംഗത്ത് നിന്നും രണ്ട് വര്‍ഷമായി അവധി എടുത്ത വിഎസ് തിരുവനന്തപുരത്തെ ‘വേലിക്കകത്ത്’ വീട്ടില്‍ വിശ്രമ ജീവിതത്തിലാണ്.
തലച്ചോറിലുണ്ടായ രക്തപ്രവാഹവും അതേത്തുടര്‍ന്നുള്ള ശാരീരിക അവശതകളും കാരണം രണ്ടു വര്‍ഷം മുന്‍പ് വി എസ് കിടപ്പിലായി. എല്‍ഡിഎഫ് പിടിച്ചെടുത്ത വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ പ്രസംഗിച്ചതായിരുന്നു ഒടുവിലത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം. ഇപ്പോള്‍ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്.
വീട്ടിനകത്ത് ഇപ്പോഴും വീല്‍ചെയറിലാണ് വിഎസ്. കൊവിഡ് നിയന്ത്രണങ്ങള്‍ ഉള്ളതിനാല്‍ ഇപ്പോള്‍ കൂടുതല്‍ സന്ദര്‍ശകരെ അനുവദിക്കാറില്ല. പത്രവായനയും, ടെലിവിഷന്‍ വാര്‍ത്തകള്‍ കാണുന്നതും മുടക്കാറില്ല. ലളിതമായ ചടങ്ങുകളോടെ കുടുംബാഗങ്ങള്‍ വിഎസിന്റെ പിറന്നാള്‍ ആഘോഷിക്കും.
