തിരുവനന്തപുരം: പ്രാദേശികതതലത്തില്‍ ഘടനാപരമായ പുനഃസംഘടന ശക്തിപ്പെടുത്താന്‍ യു.ഡി.എഫ് തയ്യാറാകണമെന്ന് ആര്‍.എസ്.പി ആവശ്യപ്പെട്ടു. തിരഞ്ഞെടുപ്പുകളില്‍ ഉണ്ടായ തിക്താനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ യുഡിഎഫിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ആര്‍.എസ്.പി ആവശ്യപ്പെട്ടു.
തിരുവനന്തപുരത്ത് നടന്ന ആര്‍.എസ്.പി സംസ്ഥാന കമ്മിറ്റിയുടെ പത്രസമ്മേളനത്തിലാണ് ഇക്കാര്യം ഉന്നയിക്കപ്പെട്ടത്. വഴുതക്കാട് ടികെ സ്മാരക ഹാളില്‍ നടന്ന പത്രസമ്മേളനത്തില്‍ ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ്, ഷിബു ബേബി ജോണ്‍, എന്‍. കെ പ്രേമചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന് നല്കിയ ഔദ്യോഗിക കത്തിനെകുറിച്ചും നേതാക്കള്‍ വിശദീകരിച്ചു.
നിയമസഭ തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ മാത്രം നിയമസഭാ സീറ്റുകള്‍ സംബന്ധിച്ച്, പെട്ടെന്ന് ചര്‍ച്ച നടത്തിയതാണ് കഴിഞ്ഞ രണ്ട് പ്രാവശ്യവുമുണ്ടായ ബുദ്ധിമുട്ടെന്നും ആര്‍.എസ്.പി പ്രതികരിച്ചു. പ്രാദേശിക സഹകരണ ബാങ്കുകളില്‍ കോണ്‍ഗ്രസ്സിനുള്ള സ്വാധീനം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചുള്ള കത്താണ് ആര്‍എസ്പി കോണ്‍ഗ്രസിന് കൈമാറിയത്. ആ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തയ്യാറായി, ആര്‍.എസ്.പിയുമായി ഉഭയകക്ഷി ചര്‍ച്ച നടത്തി, പ്രശ്‌നങ്ങള്‍ ഗൗരവമായി കേള്‍ക്കാന്‍ കോണ്‍ഗ്രസ് സന്നദ്ധമാകാത്ത സാഹചര്യത്തില്‍ യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ പറഞ്ഞു.
ആര്‍.എസ്.പിയുടെ ദേശീയസമ്മേളനം 2022 മെയ്മാസത്തില്‍ നടത്താന്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി തീരുമാനിച്ചതായും നേതാക്കള്‍ അറിയിച്ചു. അതിനു മുന്നോടിയായി പാര്‍ട്ടിയുടെ സംഘടന സമ്മേളനങ്ങള്‍ നവംബറില്‍ ആരംഭിച്ച് മെയ്മാസത്തില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.
75 വര്‍ഷം കൊണ്ട് രാജ്യം വികസിപ്പിച്ചെടുത്ത മുഴുവനും മൂലധന ആസ്തിയും സ്വകാര്യമേഖലയ്ക്ക് കൈമാറുന്ന നയങ്ങളില്‍ പ്രതിഷേധിച്ച്, ‘ഭാരത ബച്ചാവോ’ (ഭാരതത്തെ രക്ഷിക്കുക) എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് നവംബര്‍ മാസം ആറാം തീയതി ഡല്‍ഹിയില്‍ വമ്പിച്ച പാര്‍ലമെന്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുന്നു. കേരളത്തില്‍ നിന്നും 150 പേര്‍ പങ്കെടുക്കും. അതിന് മുന്നോടിയായാണ് ഒരു ‘തുടര്‍ ക്യാമ്പെയിന്‍’ എന്ന നിലയില്‍ സെപ്റ്റംബര്‍ മാസം 29ന് കേരളത്തിലെ മുഴുവന്‍ പ്രാദേശിക കേന്ദ്രങ്ങളിലും കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച്, പ്രതിഷേധ സമരം നടത്തും. ഒക്ടോബര്‍ മാസത്തില്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധം നടത്തും.
ചവറയിലെ തോല്‍വിയും അവലോകനം ചെയ്തു. ജയപരാജയങ്ങള്‍ സ്വാഭാവികമാണെന്നും അതുകൊണ്ട് ഒരിക്കലും മുന്നണി വിടില്ലെന്നും എ. എ അസീസ് പറഞ്ഞു. ‘മുങ്ങുന്ന കപ്പലല്ല, മുക്കുന്ന കപ്പലാണെ’ന്ന വിവാദ പ്രസ്താവനയ്ക്കുള്ള വിശദീകരണമായി, കോണ്‍ഗ്രസ് നന്നാവണം എന്ന് ഉദ്ദേശ്യത്തോടുകൂടിയാണ് അത്തരമൊരു പ്രസ്താവന നടത്തിയതെന്ന് ഷിബുബേബിജോണ്‍ പ്രതികരിച്ചു.
