വാഷിംഗ്ടണ്‍ : പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസില്‍. ജോ ബൈഡന്‍ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരും യുഎസിലെ ഇന്ത്യന്‍ പ്രതിനിധി തരണ്‍ജീത് സിംഗ് സന്ധുവും യുഎസ് പ്രതിരോധ സേന മേധാവികളും ചേര്‍ന്നാണ് അദ്ദേഹത്തെ സ്വീകരിച്ചു.
ത്രിവര്‍ണ പതാക ഉയര്‍ത്തി ജനങ്ങള്‍ മോദിയെ വരവേറ്റു. ജനങ്ങളുടെ ഹൃദ്യമായ സ്വീകരണത്തിന് മോദി നന്ദിയറിയിച്ചു. ലോകമെമ്പാടുമുള്ള ഇന്ത്യന്‍ പ്രവാസികള്‍ വേറിട്ട് നില്‍ക്കുന്നുവെന്നും അവരാണ് നമ്മുടെ ശക്തിയെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് വേണ്ടിയാണ് നരേന്ദ്ര മോദി യുഎസില്‍ എത്തിയത്. ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. അമേരിക്കന്‍ പ്രസിഡന്റായി ജോ ബൈഡന്‍ അധികാരമേറ്റതിന് ശേഷമുള്ള ആദ്യത്തെ നേരിട്ടുള്ള കൂടിക്കാഴ്ചയാണിത്.
യുഎസ് വൈസ് പ്രസിഡന്റും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസിനെയും അദ്ദേഹം സന്ദര്‍ശിക്കും. ക്വാഡ് രാഷ്ട്രങ്ങളുടെ തലവന്മാരുമായുള്ള ചര്‍ച്ച, കൊറോണ ഉച്ചകോടി എന്നിവയിലും നരേന്ദ്ര മോദി പങ്കെടുക്കും. ശനിയാഴ്ച ന്യൂയോര്‍ക്കില്‍ എത്തുന്ന പ്രധാനമന്ത്രി യു.എന്‍. പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കും.ഇതോടെയാണ് പ്രധാനമന്ത്രിയുടെ യുഎസ് സന്ദര്‍ശനം അവസാനിക്കുക.
