കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രചാരണം ശക്തമാക്കാനൊരുങ്ങി ബിജെപി. തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി ഇന്ന് കര്‍ണ്ണാടകത്തില്‍ എത്തും. വിവിധ ഘട്ടങ്ങളിലായി 6 ദിവസത്തെ പ്രചാരണത്തിന് മോദി തുടക്കമിടും. റോഡ് ഷോ ഉൾപ്പെടെ 22 പരിപാടികളില്‍ പ്രധാനമന്ത്രി പങ്കെടുക്കും. രാവിലെ പത്തിന് ബീദറിലെ ഹുംനാബാദിലും 12-ന് വിജയപുരയിലും രണ്ടിന് ബെലഗാവിയിലെ കുടച്ചിയിലും പൊതുസമ്മേളനത്തിൽ പ്രസംഗിക്കും. വൈകീട്ട് മൂന്നരയ്ക്ക് ബെംഗളൂരുവിലെ മാഗഡി റോഡിൽ നൈസ് റോഡ് മുതൽ സുമനഹള്ളി വരെ നാലരക്കിലോമീറ്റർ റോഡ് ഷോ നയിക്കും. ഞായറാഴ്ച രാവിലെ 9.30-ന് കോലാറിലും വൈകീട്ട് നാലിന് ഹാസനിലെ ബേലൂറിലും പ്രചാരണസമ്മേളനം. വൈകീട്ട് മൈസൂരുവിൽ റോഡ് ഷോ നടത്തും.
‘റെവ്ഡി സംസ്‌കാരം’ (സൗജന്യമായി നല്‍കുന്നത്) അവസാനിപ്പിക്കുന്നതിനുള്ള ശക്തമായ ചുവടുവെയ്പ്പിനും പ്രധാനമന്ത്രി തുടക്കം കുറിച്ചു. മെയ് 10-ന് നടക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടി പ്രചാരണം ശക്തമാക്കാനുള്ള പാര്‍ട്ടിയുടെ ശ്രമത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തത്.
കോണ്‍ഗ്രസ് എന്നാല്‍ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെ ഉറപ്പാണ്. യഥാര്‍ത്ഥ ഉറപ്പ് നല്‍കാന്‍ കഴിയാത്ത ഒരു ഘട്ടത്തിലേക്ക് കോണ്‍ഗ്രസ് എത്തിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
