ന്യൂഡല്‍ഹി : പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച വളരെ സൗഹാര്‍ദപരമായിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്ക് പ്രധാനമന്ത്രി പിന്തുണ വാഗ്ദാനം ചെയ്തതായി അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഡല്‍ഹിയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്ത് പുതിയ പദ്ധതികള്‍ ഏറ്റെടുക്കാനുള്ള പ്രോത്സാഹനവും പ്രധാനമന്ത്രി നല്‍കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നീളമുള്ള കടല്‍ത്തീരമുള്ള കേരളം ആ സാധ്യതകള്‍ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചതായി അദ്ദേഹം പറഞ്ഞു.
ഗെയില്‍ പൈപ്പ് ലൈന്‍ കൃത്യമായി പൂര്‍ത്തിയാക്കിയതിന് പ്രധാനമന്ത്രി അഭിനന്ദിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ചുള്ള വിവരങ്ങള്‍ വിശദമായി തന്നെ പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. അതോടൊപ്പം കേരളത്തില്‍ ജലഗതാഗത സൗകര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ എല്ലാ പിന്തുണയും അദ്ദേഹം നല്‍കി.
കൂടുതല്‍ വാക്സിന്‍ കേരളത്തില്‍ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. ഈ മാസം 60 ലക്ഷം കോവിഡ് വാക്സിന്‍ ആവശ്യമാണെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
