ന്യൂഡൽഹി: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹ മത്സരിക്കും. എൻ സി പി തലവൻ ശരത് പവാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സംയുക്ത പ്രതിപക്ഷ സ്ഥാനാർത്ഥിയായി യശ്വന്ത് സിൻഹയെ തെരഞ്ഞെടുത്തത്.
ഐകകണ്‌ഠ്യെനയാണ് സിൻഹയെ സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയായിരിക്കും സിൻഹയെന്നും അദ്ദേഹം വ്യക്തമാക്കി.
ശരദ് പവാർ, നാഷനൽ കോൺഫറൻസ് തലവൻ ഫാറൂഖ് അബ്ദുല്ല, മഹമാത്മാ ഗാന്ധിയുടെ കൊച്ചുമകൻ ഗോപാൽകൃഷ്ണ ഗാന്ധി എന്നിവരുടെ പേരാണ് പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയായി ഉയർന്നുകേട്ടിരുന്നത്. എന്നാൽ, മൂന്നുപേരും സ്ഥാനാർത്ഥിയാകാനില്ലെന്ന് അറിയിച്ചതോടെ മറ്റൊരാൾക്കു വേണ്ടിയുള്ള നെട്ടോട്ടത്തിലായിരുന്നു പ്രതിപക്ഷം. നേരത്തെ സ്ഥാനാർത്ഥിയാകാൻ സന്നദ്ധത അറിയിച്ച് സിൻഹ രംഗത്തെത്തിയിരുന്നു.
