കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ  ഡി ജി പി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി ഉമ തോമസ് എംഎൽഎ. കേസിൽ നടൻ ദിലീപ് നിരപരാധിയെന്ന് ന്യായീകരിച്ച മുൻ ഡിജിപി ആര്‍.ശ്രീലേഖയുടെ അഭിപ്രായം പൊതു സമൂഹം വിലയിരുത്തട്ടെയെന്ന് ഉമ തോമസ് വ്യക്തമാക്കി. കേസ് കോടതി പരിഗണിക്കുകയാണ്. അതില്‍ അഭിപ്രായം പറയാനില്ല. അതിജീവിതയ്ക്കൊപ്പമാണ് താനെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും ഉമതോമസ് കൂട്ടിച്ചേർത്തു.
ദിലിപിനെ അറസ്റ്റ് ചെയ്തതിൽ പൊലിസിന് തെറ്റുപറ്റിയെന്നാണ് ശ്രീലേഖ കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. പൾസർ സുനിയും ദിലീപും തമ്മിൽ ബന്ധിപ്പിക്കുന്ന പല തെളിവുകളും പൊലീസ് സൃഷ്ടിച്ചതാണ്. പൾസർ സുനി മറ്റു നടിമാരെയും സമാന രീതിയിൽ ഉപദ്രവിച്ചത് അറിയാമെന്നുമാണ് ശ്രീലേഖയുടെ അവകാശവാദം. ‘സസ്നേഹം ശ്രീലേഖ’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ പ്രതികരണം.
‘‘കേസിലെ ആറ് പ്രതികൾ നേരത്തെ ശിക്ഷിക്കപ്പെടേണ്ടതായിരുന്നു. ഇത്രയധികം ആളുകൾ ശിക്ഷിക്കപ്പെടാതെ പുറത്ത് ജീവിക്കുന്നു എന്നത് ശരിയല്ല. അഞ്ച് വർഷമായി വിചാരണത്തടവുകാരനായ പൾസർ സുനിക്ക് ശിക്ഷയിൽ ഇളവ് ലഭിച്ചാൽ എന്ത് ചെയ്യും? ഏതായാലും ഒരു കുറ്റകൃത്യം നടന്നിട്ടുണ്ട്. അതിന് അവർ ശിക്ഷിക്കപ്പെടേണ്ടേ? അതിന് പകരം, മറ്റൊരു വ്യക്തിക്കും കേസിൽ പങ്കുണ്ടെന്ന് പറഞ്ഞ് അയാളെ കേസിലേക്ക് വലിച്ചിഴയ്ക്കാനും അതിൽ കുടുക്കാനും തെളിവുകൾ നിരത്താനും ശ്രമിക്കുമ്പോൾ പൊലീസ് അപഹാസ്യരാവുകയാണ്.’’– ശ്രീലേഖ പറഞ്ഞു.

 
                                            