ന്യൂഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ കേസ് സുപ്രീം കോടതി നേരിട്ട് അന്വേഷിക്കും. ഇതിനായി സാങ്കേതിക വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും കോടതി അറിയിച്ചു. അടുത്തയാഴ്ച തന്നെ ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കുമെന്നും ചീഫ് ജസ്റ്റിസ് എന്‍ വി രമണ അറിയിച്ചു .അതേസമയം,സുപ്രീം കോടതിയുടെ ഈ നടപടി കേന്ദ്രത്തിന് വലിയൊരു തിരിച്ചടിയാണ് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ രൂപീകരിക്കുന്ന വിദഗ്ധ സമിതിയെ സുപ്രിംകോടതി അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവാണ് സുപ്രിം കോടതിയുടെ പുതിയ ഉത്തരവ്.ഇതൊടെ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലാകും.
പെഗസിസ് പോലെയുള്ള സോഫ്റ്റ് വെയര്‍ ദേശീയ സുരക്ഷക്കായി ഉപയോഗിക്കുന്നതില്‍ നിയമതടസമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ദേശീയ സുരക്ഷ കണക്കിലെടുത്ത് എല്ലാ കാര്യങ്ങളും വെളിപ്പെടുത്താനാകില്ലെന്നും ഒരു സമിതിക്ക് രൂപം നല്‍കിയാല്‍ അതിന് മുന്‍പില്‍ എല്ലാം വിശദീകരിക്കാമെന്നും കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രം രൂപീകരിക്കുന്ന വിദഗ്ധ സമിതിയില്‍ തൃപ്തി ഇല്ലെന്ന് കാണിക്കുന്നതാണ് സുപ്രീംകോടതിയുടെ പുതിയ നിലപാട്.
വിഷയം പരിശോധിക്കാന്‍ വിദഗ്ധ സമിതി ആകാമെന്നും കേന്ദ്രസര്‍ക്കാരുമായി ബന്ധമുള്ള ആരും സമിതിയില്‍ ഉണ്ടാകില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയാന്‍ താല്‍പര്യമില്ലെന്നും, എന്നാല്‍ ഫോണ്‍ ചോര്‍ത്തലിന് ഇരയായെന്ന പൗരന്മാരുടെ പരാതി കണ്ടില്ലെന്ന്‌നടിക്കാന്‍ ആകില്ലെന്നായിരുന്നു കോടതി നിലപാട്. ചിഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ചാണ് രാജ്യസഭാ എം പി ജോണ്‍ ബ്രിട്ടാസ് ഉള്‍പ്പെടെ നല്‍കിയ 10 ഓളം ഹര്‍ജികള്‍ പരിഗണിക്കുന്നത്.
