പെഗാസസ് ഫോണ്‍ ചോര്‍ത്തലിന്റെ പട്ടികയില്‍ നിരവധി ലോകനേതാക്കളുടെ നമ്പരും ഉണ്ടെന്ന് കണ്ടെത്തല്‍. പത്തു പ്രധാനമന്ത്രിമാരുടെയും മൂന്നു പ്രസിഡന്റുമാരുടെയും നമ്പരുകള്‍ ഉള്‍പ്പെടെ 14 ലോക നേതാക്കളുടെ കോളുകള്‍ നിരീക്ഷിച്ചിരുന്നു എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍, ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമാഫോസ, എന്നിവരും ഉള്‍പ്പെടുന്നു.
ലോകത്തിലെ ഇരുപതോളം മാധ്യമസ്ഥാപനങ്ങളും ഏജന്‍സികളും പെഗാസസിന്റെ ഫോണ്‍ ചോര്‍ത്തല്‍ കണ്ടെത്താനായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ കണ്ടെത്തലനുസരിച്ച് 50 രാജ്യങ്ങളിലായി അരലക്ഷത്തിലധികം പേരുടെ ഫോണ്‍ നമ്പരുകള്‍ പെഗാസസ് ഡേറ്റബേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പെഗാസസ് ഫോണ്‍ചോര്‍ത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ഇന്നും പുറത്തു വന്നേക്കും. ഇന്ത്യയില്‍ സുപ്രീംകോടതി സിറ്റിങ് ജഡ്ജിയും ആര്‍.എസ്.എസ് നേതാക്കളും ഫോണ്‍ ചോര്‍ത്തലിന് വിധേയമായെങ്കിലും ഇവരുടെ പേര് വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല. ഇക്കാര്യത്തില്‍ ഉടന്‍ വ്യക്തതയുണ്ടാകുമെന്നാണ് വിവരം
