തിരുവനന്തപുരം: പീഡന പരാതിയിൽ പുഞ്ഞാർ മുൻ എം എൽ എ പി.സി.ജോർജ് അറസ്റ്റിൽ. സോളാർ കേസ് പ്രതിയുടെ പരാതിയിൽ 154, 54 (A) വകുപ്പുകളാണ് പി സി ജോർജിനെതിരെ ചുമത്തിയിരിക്കുന്നത്. ഈ വർഷം ഫെബ്രുവരി 10ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും സോളാർ കേസ് പ്രതി രഹസ്യമൊഴി നൽകിയിരുന്നു. തുടർന്നാണ് പി സി ജോർജിന്റെ അറസ്റ്റ്.
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ ക്രൈംബ്രാഞ്ചിന്‍റെ മൊഴിയെടുക്കൽ പൂർത്തിയായതിന് ശേഷമാണ് ജോർജിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യൽ പൂർത്തിയായതോടെ മ്യൂസിയം പൊലീസ് പി.സി.ജോർജിനെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അതിവേഗമായിരുന്നു കേസുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ. 12.40ന് ആണ് പി.സി.ജോർജിനെതിരെ സോളാർ കേസ് പ്രതി പരാതി നൽകിയത്. ഒരു മണിക്കൂറിനകം എഫ്ഐആർ ഇട്ടു. ചോദ്യം ചെയ്യൽ പൂർത്തിയായി ആഹാരം കഴിച്ചയുടൻ പിസി.ജോർജിനെ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം രഹസ്യമൊഴി പരിശോധിക്കുകയാണെന്ന് പറഞ്ഞ പൊലീസ് അപ്രതീക്ഷിതമായാണ് അറസ്റ്റിലേക്ക് നീങ്ങിയത്. അതേസമയം ഒരു വൃത്തികേടും കാട്ടിയിട്ടില്ലെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. രഹസ്യമൊഴിയിലുള്ള ആരോപണം പണം വാങ്ങിയുള്ളതാണ്. രഹസ്യമൊഴി നുണയെന്ന് തെളിയുമെന്നും രാവിലെ ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ പി.സി.ജോര്‍ജ് വ്യക്തമാക്കിയിരുന്നു.
അതേസമയം ചോദ്യംചോദിച്ച മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറി പി.സി ജോര്‍ജ്. പീഡനത്തിനിരയായ സ്ത്രീയുടെ പേര് പറയുന്നത് തെറ്റല്ലേ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിന് ‘എന്നാല്‍ നിങ്ങളുടെ പേര് പറയാം’ എന്ന് പറഞ്ഞ് ജോര്‍ജ് അപമാനിക്കുകയായിരുന്നു. കൈരളി ടിവി റിപ്പോര്‍ട്ട് ഷീജയ്ക്ക് നേരെയാണ് മോശം പെരുമാറ്റമുണ്ടായത്.
