പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം ; ശശീന്ദ്രന് മന്ത്രിസഭയില്‍നിന്ന് പുറത്ത്‌പോകേണ്ടിവരും

കൊല്ലം : പീഡനപരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണത്തില്‍ മന്ത്രി ശശീന്ദ്രന്‍ മന്ത്രിസഭയ്ക്ക് പുറത്ത് നില്‌ക്കേണ്ടിവരുമെന്ന് സിപിഎം നേതൃത്വം. പരാതിക്കാരി മൊഴിയില്‍ ഉറച്ചുനിന്നാല്‍ അങ്ങനെയൊരു തീരുമാനമാണ് പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് ഉണ്ടാകാന്‍ സാധ്യത. ഇരക്ക് നീതി നേടി കൊടുക്കേണ്ട മന്ത്രി പ്രതിക്ക് വേണ്ടി ഇടപെട്ടത് എന്‍സിപിക്ക് മാത്രമല്ല സിപിഎമ്മിനും സര്‍ക്കാരിനും വലിയ തലവേദനയാണ് .

പാര്‍ട്ടി തര്‍ക്കമെന്ന് വാദിക്കാമെങ്കിലും പെണ്‍കുട്ടി നിയമനടപടിയുമായി മുന്നോട്ട് പോയാല്‍ ശശീന്ദ്രന് മന്ത്രിസ്ഥാനത്തിന് ഭീഷണിയാണ്. പെണ്‍കുട്ടിയുടെ മൊഴി നിര്‍ണായകമാണ്. പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി കുടുംബത്തില്‍ സമ്മര്‍ദം ചെലുത്തിയെന്ന മൊഴി നല്‍കിയാല്‍ ,ശശീന്ദ്രനെതിരെ കേസ് എടുക്കാന്‍ പൊലീസ് നിര്‍ബന്ധിതമാവും.പോലീസ് കേസെടുത്തില്ലെങ്കില്‍ പരാതിക്കാരിക്ക് കോടതിയെ സമീപിക്കാം..കോടതിയുടെ അന്വേഷണത്തില്‍ കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ മന്ത്രിസ്ഥാനം രാജി വയ്‌ക്കേണ്ടിവരും.

സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ കുണ്ടറയിലെ പ്രാദേശിക എന്‍സിപി നേതാക്കള്‍ക്കെതിരെ ഇന്നലെ രാത്രിയോടെ കുണ്ടറ പൊലീസ് കേസ് എടുത്തിരുന്നു.എന്‍സിപിയിലെ ആഭ്യന്തരകാര്യമാണെങ്കിലും മുഖ്യമന്ത്രി എടുക്കുന്ന നിലപാട് ശശീന്ദ്രന്റെ മന്ത്രിസ്ഥാനത്തിന് ഭീഷണിയാണ്. എന്നാല്‍ കുറ്റക്കാരനെന്ന് തെളിയാതെ മുഖ്യമന്ത്രി ശശീന്ദ്രനെ കൈവിടില്ലെന്ന വിശ്വാസത്തിലാണ് ശശീന്ദ്രന്‍ അനുകൂലികള്‍ .

Leave a Reply

Your email address will not be published. Required fields are marked *