”പാവപ്പെട്ടവന്‍ വിശപ്പ് അകറ്റാനും മരുന്ന് വാങ്ങാനും പോകുമ്പോള്‍ ‘പെറ്റി’യടിക്കുന്ന ആവേശം മാസ്‌ക് മാറ്റി പൊതു വഴിയില്‍ തുപ്പുന്നവരോടും കാണിക്കണം”; പോലീസുകാര്‍ക്കുള്ള സൈക്കോളജിസ്റ്റിന്റെ അഭ്യര്‍ത്ഥന വൈറലാകുന്നു

കോവിഡ് കാലത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ജനങ്ങള്‍ ഒരുപാട് ബുദ്ധിമുട്ട് അനുവഭിക്കുന്നുണ്ട്. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങുന്നവര്‍ക്ക് പോലും കാര്യകാരണങ്ങള്‍ സഹിതം വിശദീകരിച്ചാലും സമ്മതം മൂളാന്‍ വിസമ്മതിക്കുന്ന പോലീസുകാര്‍ ഇന്ന് റോഡുകളിലെല്ലാം കാണാം. നിയന്ത്രണങ്ങളെല്ലാം ആവശ്യമുള്ളത് തന്നെ എന്നാല്‍ പാവപ്പെട്ടവന്‍ വിശപ്പ് അകറ്റാനും മരുന്ന് വാങ്ങാനും പോകുമ്പോള്‍ പെറ്റി അടിക്കുന്ന ആവേശം മാസ്‌ക് മാറ്റി പൊതുവഴിയില്‍ തുപ്പുന്നവരോടും തുമ്മുന്നവരോടും കാണിക്കണമെന്ന സൈക്കോളജിക്കല്‍ കണ്‍സള്‍ട്ടന്റും സാമൂഹ്യ പ്രവര്‍ത്തകയുമായ അഞ്ജു ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു.

കാറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുമ്പോള്‍ എ എസ് ഐ റാങ്കിലുള്ള ഉദ്യോഗസ്ഥനില്‍ നിന്ന് ഉണ്ടായ തിക്താനുഭവത്തില്‍ നിന്നാണ് സൈക്കോളജിക്കല്‍ കണ്‍സള്‍ട്ടന്റും സാമൂഹ്യ പ്രവര്‍ത്തകയുമായ അഞ്ജു ലക്ഷ്മിയെ ഇങ്ങനെയൊരു ഫേസ്ബുക്ക് പോസ്റ്റിടാന്‍ പ്രേരിപ്പിച്ചത്. കഴിഞ്ഞ ദിവസം കാറില്‍ യാത്ര ചെയ്യുമ്പോള്‍, ഒരു ഇരയെ കിട്ടിയ ആവേശത്തില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എഎസ് ഐ, അവരുടെ വാഹനം തടഞ്ഞു നിര്‍ത്തി പേരോ, ഐഡന്റിറ്റിയോ ചോദിക്കാതെ, ”മാസ്‌ക് ഇല്ല, നിങ്ങള്‍ 500 രൂപ പെറ്റി അടക്കണം” എന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് ”ലോക്ഡൗണാണ് പെണ്ണുങ്ങള്‍ക്ക് വീട്ടില്‍ അടങ്ങി ഇരുന്നാല്‍ പോരെ, ഇറങ്ങി നടക്കുന്നു” എന്ന് ആക്ഷേപവും.

ചെറിയ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന്, നന്നായി ശ്വാസം വിടാന്‍ കഴിയാതെയിരുന്നാല്‍ മാസ്‌ക് മൂക്കിന് താഴെ മാറ്റി, കാറിന്റെ എ സി ഓഫ് ചെയ്താണ് അവര്‍ വണ്ടി ഓടിച്ചിരുന്നത്. അത് കണ്ടു കൊറോണ പരത്തി എന്ന് പറഞ്ഞായിരുന്നു പോലീസ് ഓഫീസറിന്റെ പ്രതികരണം. തിരിച്ച് പ്രതികരിച്ചതോടെ, അവഹേളനം കടുത്തു.

‘പിഴ രസീതു’മായി സ്റ്റേഷനില്‍ എത്തിയപ്പോള്‍, നിയമം സംരക്ഷിക്കേണ്ട ഉദ്യോഗസ്ഥര്‍ ആരും കൃത്യമായി മാസ്‌ക് വച്ചിരുന്നില്ല. അവര്‍ക്ക് അവരുടേതായ ന്യായങ്ങള്‍ പറയാന്‍ ഉണ്ടായിരുന്നു. പിഴയടച്ചശേഷം, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നംബര്‍ സംഘടിപ്പിച്ചു, തന്റെ അനുഭവം അദ്ദേഹത്തിനു വാട്ട്‌സ്ആപ്പ് സന്ദേശം അയച്ചു. അതോടൊപ്പം, അഞ്ജു ലക്ഷ്മിയുടെ ഒരു സുഹൃത്ത്ഒരു ഉന്നത പോലീസ് ഓഫീസറോട് പരാതി അറിയിച്ചു. അതിനെത്തുടര്‍ന്ന്, ഈ വിഷയത്തില്‍ ഉന്നതതല ഇടപെടല്‍ ഉണ്ടായി.

ചേര്‍ത്തല സി.ഐ ഉള്‍പ്പെടെ അഞ്ജുലക്ഷ്മിയെ ഫോണില്‍ ബന്ധപ്പെട്ടു. ”മേഡം സൈക്കോളജിസ്റ്റ് ആണെന്നും കൗണ്‍സിലിങ് നടത്താന്‍ പോയതാണെന്നും പറഞ്ഞാല്‍ മതിയായിരുന്നു”, എന്ന് അദ്ദേഹം പറഞ്ഞു. തന്റെ പേര് ചോദിക്കാന്‍ പോലും മര്യാദ കാട്ടാത്ത, താന്‍ പറയുന്നതൊന്നും കേല്ക്കാന്‍ കൂട്ടാക്കാത്തയാളിനോട് എങ്ങനെ ബോധ്യപ്പെടുത്തുമെന്ന അഞ്ജുവിന്റെ ചോദ്യത്തിനു സി.ഐയ്ക്ക് മറുപടി ഇല്ലായിരുന്നു.

പലരും ആശ്വസിപ്പിച്ചിട്ടും ആ നിമിഷങ്ങള്‍ മനസ്സില്‍ നിന്നും പോകുന്നില്ലെന്ന് അഞ്ജു ലക്ഷ്മി ഫേസ്ബുക്കില്‍ കുറിക്കുന്നു. നിങ്ങള്‍ പൊതുജനങ്ങളോടു അധികാരഭാവത്തിലല്ലാതെ, അവരും ജീവിക്കാനായാണ് പുറത്ത് ഇറങ്ങുന്നത് എന്ന് മനസിലാക്കി പെരുമാറുക.. എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ അവരില്‍ ഉണ്ടെങ്കില്‍ അത് അറിഞ്ഞു പെരുമാറുക, ഒത്തിരി ഏറെ പ്രയാസങ്ങളിലൂടെയാണ് പൊതുജനം ഇപ്പോള്‍ കടന്നുപോകുന്നത് അവരെ മാനസികപരമായി കൂടി ബുദ്ധിമുട്ടിപ്പിക്കാതിരിക്കുക… പോലീസിനോട് അഞ്ജു ലക്ഷ്മിയുടെ അപേക്ഷയാണ്…

അഞ്ജു ലക്ഷ്മിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

https://www.facebook.com/anjulekshmi.s/posts/4103978356338696

Leave a Reply

Your email address will not be published. Required fields are marked *