പാലായിൽ ചില കാര്യങ്ങൾ നമുക്കു നഷ്ടമായിട്ടുണ്ട്. അതൊക്കെ തിരിച്ചു പിടിക്കുമ്പോഴാണു നമ്മൾ ചങ്കൂറ്റമുള്ള കേരളാ കോൺഗ്രസുകാരായിത്തീരുന്നതെന്നു ജോസ് കെ. മാണി എം.പി. കേരളാ കോൺഗ്രസ് (എം) പാലാ മണ്ഡലം സമ്മേളനത്തിലാണു ചെയർമാന്റെ വൈകാരിക പ്രസംഗം. പാലാ എന്നു പറഞ്ഞാൽ കേരളാ കോൺഗ്രസും കേരളാ കോൺഗ്രസ് എന്നു പറഞ്ഞാൽ പാലായും കെ.എം. മാണിസാറുമായിട്ടൊക്കെയുള്ള ഒരു ബന്ധമാണെന്നും ജോസ് കെ. മാണി എം.പി ചൂണ്ടിക്കാട്ടി.
ഒരു പക്ഷേ, നമ്മൾക്കൊക്കെ ചില കാര്യങ്ങൾ നഷ്ടമായി കാണും. നഷ്ടമായതു തിരിച്ചു പിടിക്കുമ്പോഴാണു നമ്മൾ പോരാളികളാകുന്നത്. നമ്മൾ ചങ്കൂറ്റത്തോടുകൂടി മുന്നേറുന്നത്. പാലാ എത്ര മനോഹരമാണ്. അവിടെ എത്രയോ സമാധാനത്തോടുകൂടിയാണു ജനങ്ങൾ ജീവിക്കുന്നത്. പക്ഷേ, അവിടെ കഴിഞ്ഞ ഏതാനും വർഷങ്ങൾകൊണ്ട് അതിൽ ഒരു മാറ്റം വന്നിട്ടുണ്ടോ എന്നു ജനം പരിശോധിക്കണമെന്നും ജോസ് കെ. മാണി പറഞ്ഞു.

 
                                            