പാലക്കാട്: പത്തുവര്‍ഷം ഒറ്റമുറിയില്‍ ലോകമറിയാതെ കഴിഞ്ഞ അപൂര്‍വ പ്രണയജോഡികളായ റഹ്‌മാനും സജിതയും വിവാഹിതരായി. പാലക്കാട് നെന്മാറയിലെ സബ് രജിസ്ട്രാര്‍ ഓഫീസിലാണ് ഇരുവരും വിവാഹിതരായത്. നെന്മാറ എംഎല്‍എ കെ ബാബുവിന്റെ സാന്നിധ്യത്തിലായിരുന്നു വിവാഹം. പുരോഗമന കലാ സാഹിത്യസംഘത്തിന്റെ കൊല്ലങ്കോട് ഏരിയ കമ്മിയാണ് വിവാഹത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയത്.
സജിതയുടെ വീട്ടുകാര്‍ എത്തിയിരുന്നുവെങ്കിലും റഹ്‌മാന്റെ വീട്ടുകാരുടെ അസാന്നിധ്യം ദമ്പതികളെ നിരാശരാക്കി. ”വിവാഹം കഴിഞ്ഞതില്‍ സന്തോഷമുണ്ട്. എന്നാല്‍ വീട്ടുകാര്‍ ഒപ്പം ഇല്ലാത്തത് വിഷമിപ്പിക്കുന്നുണ്ട്. അവരും കൂടി മനസ് മാറി വരട്ടെയെന്നാണ് പ്രാര്‍ത്ഥിക്കുന്നത്. എല്ലാം ശരിയാകുമെന്നാണ് പ്രതീക്ഷ.”- റഹ്‌മാന്‍ പ്രതികരിച്ചു. റഹ്‌മാന്റെ വീട്ടുകാരും ഒപ്പമുണ്ടായിരുന്നുവെങ്കില്‍ സന്തോഷമായേനെയെന്ന് സജിതയും മാധ്യമങ്ങളോട് പ്രതികരിച്ചു.അയിലൂര്‍ കാരക്കാട്ടുപറമ്പ് സ്വദേശികളായ റഹ്‌മാനും സജിതയും ഇപ്പോള്‍ വിത്തനശ്ശേരിയിലുള്ള വാടകവീട്ടിലാണ് താമസിക്കുന്നത്.
പ്രണയിച്ച പെണ്‍കുട്ടിയെ ആരും കാണാതെ യുവാവ് പത്ത് വര്‍ഷം ഒറ്റമുറിയില്‍ പാര്‍പ്പിച്ച സംഭവം വലിയ ശ്രദ്ധ നേടിയിരുന്നു. നെന്മാറ സ്വദേശിയായ റഹ്‌മാനാണ് വീട്ടുകാരും നാട്ടുകാരുമറിയാതെ സ്നേഹിച്ച പെണ്‍കുട്ടിയെ വീട്ടില്‍ ഒളിപ്പിച്ചത്. കാണാതായ റഹ്‌മാനെ വഴിയില്‍ വച്ച് ബന്ധുക്കള്‍ കണ്ടതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.
2010 ഫെബ്രുവരിയിലാണ് റഹ്‌മാനോടൊപ്പം ജീവിക്കാന്‍ 18 കാരിയായ സജിത വീടുവിട്ടിറങ്ങിയത്. ഇലക്ട്രിക്കല്‍ ജോലിയും പെയിന്റിങ്ങും ചെയ്യുന്ന റഹ്‌മാനൊപ്പം കഴിയുന്നതിനായി ഇറങ്ങിത്തിരിച്ച സജിതയെ റഹ്‌മാന്‍ ആരുമറിയാതെ വീട്ടിലെ മുറിയില്‍ താമസിപ്പിക്കുകയായിരുന്നു.
