ബിസിസിഐ, ഐപിഎല്‍ പതിനഞ്ചാം സീസണിലെ മത്സരം ക്രമം പുറത്തുവിട്ടു. ഇത്തവണ 10 ടീമുകളാണ് മത്സരത്തില്‍ ഉള്ളത്. ടൂര്‍ണ്ണമെന്റില്‍ മൊത്തം 74 മത്സരങ്ങളുമാണ് ഉള്ളത്. മാര്‍ച്ച് 26 ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിന്റെ ഫൈനല്‍ മത്സരം മെയ് 29 നാണ്. മൊത്തത്തില്‍ 65 ദിവസം നീണ്ടുനില്‍ക്കുന്ന മത്സരങ്ങള്‍ ആണുള്ളത്. കോവിഡ് വ്യാപനം ഉള്ളതിനാല്‍ തന്നെ മുംബൈയിലും പൂണെയിലും ആണ് ടൂര്‍ണമെന്റ് നടക്കുന്നത്. 2021ലെ ചാമ്പ്യന്മാരായ എം എസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സും ശ്രേയസ് അയ്യറിന്റെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് ആദ്യ മത്സരം. ഇത് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ വച്ചാകും നടക്കുക.
കഴിഞ്ഞ സീസണില്‍ നിന്നെല്ലാം വളരെ വ്യത്യസ്തമായാണ് ഇത്തവണ ഐപിഎല്ലിലെ കളികള്‍ നടക്കുന്നത്. രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞാണ് ഇത്തവണ ലീഗ് റൗണ്ട് മത്സരങ്ങള്‍ നടക്കുക. ഇങ്ങനെയാണെങ്കില്‍ കൂടി എല്ലാ ടീമുകള്‍ തമ്മിലും മത്സരം നടക്കും. എന്നാല്‍ ചില ടീമുകള്‍ ക്കെതിരെ ഹോം ആന്‍ഡ് എവേ രീതിയില്‍ രണ്ടു മത്സരങ്ങള്‍ കളിക്കുമ്പോള്‍ മറ്റു ചില ടീമുകള്‍ ക്കെതിരെ ഒരു മത്സരം മാത്രമാണ് ഉണ്ടാവുക. രണ്ടു ഗ്രൂപ്പുകളായി തിരിച്ചത്, ഓരോ ടീമുകളും എത്ര തവണ ഐപിഎല്‍ ചാമ്പ്യന്മാരായി എത്ര തവണ ഫൈനല്‍ കളിച്ചു എന്നീ ഘടകങ്ങള്‍ പരിഗണിച്ചാണ്.
